കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിന് ശേഷം ദുരിതബാധിതർക്ക് പിന്തുണയുമായി ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബംഗാൾ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി. ഉംപുനെ തുടർന്നുള്ള സർക്കാരിന്‍റെ രക്ഷാപ്രവർത്തനങ്ങൾക്ക് മീർ ഫൗണ്ടേഷനുമായാണ് റൈഡേഴ്‌സ് ചേര്‍ന്ന് പ്രവർത്തിക്കുക. സാന്ത്വന പ്രവർത്തനങ്ങൾക്കായി സഹയതാ വാഹനെന്ന പദ്ധതിയും റൈഡേഴ്‌സ് മുന്നോട്ട് വക്കുന്നു.
ചുഴലിക്കാറ്റ് കാരണം നിരവധി പേർക്ക് വീട് നഷ്‌ടമായി. മറ്റു ചിലർക്ക് അവശ്യസാധനങ്ങൾ പോലും ലഭ്യമാകാതായി. സഹായതാ വാഹന്‍ വഴി ഇവർക്ക് ദുരിതാശ്വാസമെത്തിക്കും. കൂടാതെ കൊല്‍ക്കത്ത നഗരത്തില്‍ ചുഴലിക്കാറ്റ് കാരണം കടപുഴകിയ മരങ്ങൾക്ക് പകരം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും ചെയ്യും. 5000-ത്തോളം മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് നിലവില്‍ ഉദ്ദേശിക്കുന്നതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ വ്യക്തമാക്കി. ബംഗാളും കൊല്‍ക്കത്ത നഗരവും തങ്ങൾക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.