ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കാനുള്ള കുറഞ്ഞ പ്രായം 15 ആക്കി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി). ഐസിസി ടൂര്‍ണമെന്‍റുകള്‍, ഉഭയകക്ഷി പരമ്പരകള്‍, അണ്ടര്‍ 19 ടൂര്‍ണമെന്‍റുകള്‍ എന്നിവക്ക് ഉൾപ്പെടെ തീരുമാനം ബാധകമാകും. ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ഐസിസി പറഞ്ഞു. പുരുഷ, വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ഈ പ്രായപരിധി നിര്‍ബന്ധമായും നടപ്പാക്കും.
അതേസമയം അസാധാരണമായ സാഹചര്യങ്ങളിൽ 15 വയസിന് താഴെയുള്ള കളിക്കാരനെ പ്രയോജനപ്പെടുത്താന്‍ അതത് രാജ്യത്തെ ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസിയോട് അപേക്ഷിക്കാം. നേരത്തെ ഒരു ക്രിക്കറ്റ് താരം അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ പ്രായം തടസമായിരുന്നില്ല. 1996-നും 2005-നും ഇടയിൽ ഏഴ് ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച പാകിസ്ഥാന്‍റെ ഹസൻ റാസ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി. 14 വയസും 227 ദിവസവും പ്രായമുള്ളപ്പോൾ ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം സാക്ഷാല്‍ സച്ചിൻ തെണ്ടുൽക്കറാണ്. ഇതിഹാസ താരം 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിലായിരുന്നു ആദ്യ മത്സരം. നവംബര്‍ 16ന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ ടെസ്റ്റിൽ 15,921 റൺസും ഏകദിനത്തില്‍ 18,426 റൺസുമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. സച്ചിനെ പോലുള്ള ഇതിഹാസ താരങ്ങളെ കണ്ടെത്താന്‍ ഐസിസിയുടെ പുതിയ നിയമം തടസമാകുമോ എന്ന ആശങ്ക ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയില്‍ പൊതുവെ ഉയര്‍ന്നുവരുന്നുണ്ട്.