ഇസ്ലാമാബാദ്: 37 പന്തുകളില്‍ സെഞ്ചുറി നേടുമ്പോള്‍ തനിക്ക് 16 അല്ലായിരുന്നു പ്രായമെന്ന് വിരമിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ആത്മകഥയായ 'ഗെയിം ചെയ്ഞ്ചറി'ലാണ് അഫ്രീദിയുടെ തുറന്നുപറച്ചില്‍. 1996ല്‍ ശ്രീലങ്കക്കെതിരെ അഫ്രീദി നേടിയ റെക്കോർഡ് സെഞ്ചുറി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. പതിനാറാം വയസിലെ പ്രകടനം എന്ന നിലക്കാണ് ആ സെഞ്ചുറി ഏറെ ചർച്ചയായത്. 18 വര്‍ഷത്തോളം തകര്‍ക്കപ്പെടാത്ത റെക്കോഡായി അഫ്രീദിയുടെ പ്രകടനം നിലനിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് അഫ്രീദിയുടെ പുതിയ വെളിപ്പെടുത്തൽ. "എനിക്ക് അന്ന് 19 വയസായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതുപോലെ 16 വയസ് ആയിരുന്നില്ല. ഞാന്‍ ജനിച്ചത് 1975ലാണ്. പക്ഷേ ഔദ്യോഗിക രേഖകളില്‍ എന്റെ ജനന വര്‍ഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു." അഫ്രീദി ആത്മകഥയില്‍ പറയുന്നു.
വെളിപ്പെടുത്തലിലൂടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. അണ്ടര്‍-19 ടീമില്‍ അഫ്രീദി കളിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരം പറയേണ്ടി വരും.