പാകിസ്ഥാൻ ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഷാഹിദ് അഫ്രീദി. വാതുവയ്പ്പുകാരും തന്‍റെ സഹതാരങ്ങളും തമ്മില്‍ സന്ദേശങ്ങൾ കൈമാറിയിരുന്ന വിവരം തനിക്ക് അറിയാമായിരുന്നു എന്ന് അഫ്രീദി പറഞ്ഞു. ആത്മകഥയായ 'ഗെയിം ചേഞ്ചറിലാണ്' പാകിസ്ഥാൻ മുൻ നായകന്‍റെ വെളിപ്പെടുത്തല്‍.
2010ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളി വിവാദം പുറത്ത് വന്നത്. ന്യൂസ് ഓഫ് ദി വേൾഡ് വാർത്ത പുറത്ത് വിടുന്നത് മുമ്പ് തന്നെ ഈ സംഭവം തനിക്ക് അറിയാമായിരുന്നുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ വിഷയത്തില്‍ കണ്ണടച്ചെന്നും അഫ്രീദി പുസ്തകത്തില്‍ പറയുന്നു. അന്വേഷണം മനപ്പൂർവം വൈകിപ്പിക്കാൻ അവർ ശ്രമിച്ചുവെന്നും താൻ അത് ചോദ്യം ചെയ്തിരുന്നതായും അഫ്രീദി വ്യക്തമാക്കി. പ്രത്യാഘാതങ്ങൾ അവർ ഭയപ്പെട്ടിരിക്കണം. ആരോപണമുയർന്ന താരങ്ങളില്‍ അവർ വലിയ പ്രതീക്ഷയർപ്പിക്കുകയും ഭാവി നായകന്മാരായി കണ്ടിട്ടുണ്ടാവുമെന്നും പുസ്തകത്തില്‍ അഫ്രീദി പറയുന്നു.
ഒത്തുകളിയെ തുടർന്ന് നായകൻ സല്‍മാൻ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീർ എന്നിവരെ ഐസിസി വിലക്കി. 2010 ഏഷ്യാകപ്പിനിടെ വാതുവയ്പ്പുകാരൻ മഷർ മജീദ്, ബട്ടിന്‍റെ മാനേജർ എന്നിവരില്‍ നിന്ന് തനിക്കും സന്ദേശങ്ങൾ ലഭിച്ചു. ഈ വിവരം പരിശീലകനായ വഖാർ യൂനിസിനെ അറിയിച്ചെങ്കിലും തലപ്പത്തുള്ളവർക്ക് കൈമാറിയില്ലെന്നും അഫ്രീദി ആരോപിക്കുന്നു. കരിയറിന്‍റെ ഒരു ഘട്ടത്തില്‍ പോലും ഒത്തുകളിക്കോ വാതുവയ്പ്പിനോ അഫ്രീദി പിടിക്കപ്പെട്ടിരുന്നില്ല.