ന്യൂഡല്‍ഹി: 2007-ലെ ടി-20 ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്‌പിന്നർ ഹർഭജന്‍ സിങ്. അന്ന് ലോകകപ്പ് സ്വന്തമാക്കി രാജ്യത്ത് തിരിച്ചെത്തിയപ്പോൾ വമ്പന്‍ സ്വീകരണം ലഭിച്ചു. ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ 2017-ല്‍ ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2001-ലെ ഓസ്‌ട്രേലിയന്‍ പരമ്പരയും 2007-ലെ ടി-20 ലോകകപ്പ് വിജയവും 2011-ലെ ഏകദിന ലോകകപ്പ് വിജയവും താരതമ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഭാജി. മുന്‍ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ 2001-ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനാണ് പ്രഥമ സ്ഥാനമെന്നും ഭാജി കൂട്ടിച്ചേർത്തു. അന്നത്തെ വിജയമാണ് തന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ബാല്യകാലം തൊട്ടെ ലോകകപ്പ് എന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ഒരു ലോകകപ്പ് സ്വന്തമാക്കണമെന്നും എല്ലായ്‌പ്പോഴും ആഗ്രഹിച്ചു. 2011-ലാണ് അത് യാഥാർഥ്യമായത്.
പക്ഷേ 2007-ലെ ടി20 ലോകകപ്പ് ജയം അവിസ്‌മരണീയമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയപ്പോൾ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. അന്ന് മിസ്‌ബാൾ ഉൾഹക്കിനെ ജോഗീന്ദർ ശർമയുടെ പന്തില്‍ ശ്രീശാന്ത് ക്യാച്ച് ചെയ്‌ത് പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് ലോകകപ്പ് സ്വന്തമാക്കാനായത്. അഞ്ച് റണ്‍സിന്‍റെ വിജയമാണ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഫൈനലില്‍ പാകിസ്ഥാന് എതിരെ സ്വന്തമാക്കിയത്.