ന്യൂഡല്‍ഹി : ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. താരങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഒരാള്‍ കൊവിഡ് മുക്തനായെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാമത്തെയാള്‍ പത്ത് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്നതോടെ ഞായറാഴ്ച (ജൂലൈ 18) കൊവിഡ് ടെസ്റ്റിന് വിധേയനാവുമെന്നാണ് ടീമിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ട് കളിക്കാരും കാര്യമായ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും നേരിയ ചുമയും ജലദോഷവും മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
നിലവില്‍ നിരീക്ഷണത്തിലുള്ള താരത്തിന് യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും ഞായറാഴ്ച നടക്കുന്ന കൊവിഡ് ടെസ്റ്റിന് ശേഷം ഉടന്‍ തന്നെ ടീമിന്‍റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
also read: വസീം ജാഫറിനെ ഒഡിഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇടവേളയിലുള്ള ടീമിലെ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എല്ലാവരേയും പതിവായി പരിശോധനയക്ക് വിധേയരാക്കുന്നുണ്ടെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി ജൂണ്‍ 20 മുതല്‍ 22 വരെ കൗണ്ടി ടീമുമായി ഇന്ത്യ പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. ഓഗസ്റ്റ് നാല് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുക.