മെൽബൺ: മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ക്വീൻസ്‌ലാന്‍റിൽ കാർ അപകടത്തിലാണ് 46-കാരനായ ഓസ്‌ട്രേലിയൻ താരം മരണപ്പെട്ടത്. ഒരു മികച്ച ഓൾറൗണ്ടർ ആയിരുന്നിട്ടും, എന്നും വിവാദങ്ങളുടെ പ്രിയ തോഴനായിരുന്നു സൈമണ്ട്സ്.
മൈക്കൽ ക്ലാർക്കുമായുള്ള ഭിന്നത: ഓസ്ട്രേലിയൻ ടീം ഡ്രസിങ് റൂമിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഒരുകാലത്ത് സൈമണ്ട്സും മൈക്കൽ ക്ലാർക്കും. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ ഫീൽഡിങ്ങിനെ ഉജ്വല നിലവാരത്തിലേക്ക് ഉയർത്തിയത് ഇവരുടെ സഖ്യം മൈതാനത്തു നടപ്പാക്കിയത് ‘വിപ്ലവകരമായ’ കാര്യങ്ങളാണ്. എന്നാൽ ക്ലാർക്ക് ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ഭിന്നതകളും ഉടലെടുത്തു.
ഐപിഎല്ലിൽ തനിക്ക് ഉയർന്ന തുക ലഭിച്ചതാണു ക്ലാർക്കിന്‍റെ അസൂയയ്ക്കു കാരണമെന്നും ഇതോടെയാണ് ബന്ധം വഷളായതെന്നും സൈമണ്ട്സ് തുറന്നു പറഞ്ഞിരുന്നു. ‘പണത്തിന് തമാശ കലർന്ന പല കാര്യങ്ങളും ചെയ്യാനാകും. പക്ഷേ, അതേ സമയം പണം വിഷവുമാണ്. എന്‍റെയും ക്ലാർക്കിന്‍റെയും ബന്ധം വഷളാക്കിയത് പണമാണ്’ എന്നായിരുന്നു സൈമണ്ട്സിന്‍റെ പ്രതികരണം.
മങ്കിഗേറ്റ് വിവാദം; 2008ൽ സിഡ്‌നിയിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ താരം ഹർഭജൻ സിങ് തന്നെ കുരങ്ങൻ എന്നു വിളിച്ചതായി സൈമണ്ട്സ് വെളിപ്പെടുത്തി. കുറ്റക്കാരൻ എന്നു കണ്ടെത്തിയതോടെ മാച്ച് റഫറി ഹർഭജൻ സിങ്ങിനെ 3 മത്സരങ്ങളിൽനിന്നു വിലക്കുകയും ചെയ്‌തു. എന്നാൽ ഇതിനെതിരെ ബിസിസിഐ അപ്പീലിനു പോയി. അപ്പീലിൽ ഹർഭജന്‍ വംശീയമായി അധിക്ഷേപിച്ചതായുള്ള ആരോപണങ്ങൾക്കു തെളിവു നൽകാൻ കഴിയാതിരുന്ന സൈമണ്ട്സിനെ അപ്പീൽ കമ്മിഷണർ ശകാരിക്കുകയും ഹർഭജന്റെ വിലക്കു നീക്കുകയും ചെയ്‌തു.
അമിത മദ്യപാനം: ക്രിക്കറ്റ് കരിയറിലെ പല ഘട്ടത്തിലും അമിത മദ്യപാനം സൈമണ്ട്സിന് വിനയായിട്ടുണ്ട്. 2005ൽ കാർഡിഫിൽ ബംഗ്ലാദേശ് പരമ്പരയ്ക്കു മുന്നോടിയായുള്ള മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽനിന്ന് സൈമണ്ട്സിനെ ഒഴിവാക്കിയിട്ടുണ്ട്. തലേദിവസം മദ്യപിച്ചെന്നു ബോധ്യമായതിനെത്തുടർന്നായിരുന്നു ഇത്.
പബ്ബിൽ ആരാധകനു നേരെ കയ്യേറ്റം: സൈമണ്ട്സിന്‍റെ ജനപ്രീതിയിൽ കാര്യമായ കുറവു വരുത്തിയ സംഭവമായിരുന്നു അത്. 2008ൽ സൈമണ്ട്സിനൊപ്പമുള്ള ചിത്രമെടുക്കുന്നതിനായി പബ്ബിൽ വച്ചു താരത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച ഒരു ആരാധകനെ, കുപിതനായ സൈമണ്ട്സ് കൈകാര്യം ചെയ്‌തു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്ട്സിന് എതിരെ നടപടി എടുത്തിരുന്നില്ല.
ടീം മീറ്റിങ്ങിനിടെ മീൻപിടിത്തം: ക്രിക്കറ്റ് ചട്ടങ്ങൾക്ക് ഒരിക്കലും കാര്യമായ വില കൊടുക്കാത്ത താരമായിരുന്നു സൈമണ്ട്സ്. 2008ൽ ബംഗ്ലാദേശിനെതിരായ ഓസ്ട്രേലിയൻ പര്യടനത്തിനിടെ, സുപ്രധാന ടീം മീറ്റിങ്ങിൽ നിന്നു വിട്ടുനിന്ന സൈമണ്ട്സ് മീൻ പിടിക്കാൻ പോയി. ഓസീസ് ക്യാപ്റ്റൻ മൈക്കൾ ക്ലാർക്കാണ് ഇതിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പിറ്റേ വർഷം ഇന്ത്യയിൽ നടന്ന പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ നിന്നു സൈമണ്ട്സിനു സ്ഥാനം നഷ്‌ടമാകാനും ഇതു കാരണമായി.