ബര്‍മിങ്‌ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത് സ്റ്റാര്‍ ബാറ്റര്‍ സ്‌മൃതി മന്ദാനയുടെ പ്രകടനമാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 100 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറി പ്രകടനവുമായാണ് സ്‌മൃതി തിളങ്ങിയത്. 42 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 63 റണ്‍സടിച്ച താരം പുറത്താവാതെ നിന്നിരുന്നു.
ഇതോടെ ചേസ് ചെയ്യുമ്പോള്‍ ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. നിലവില്‍ 40 ഇന്നിങ്‌സുകളിലായി 32.09 ശരാശരിയില്‍ 1059 റണ്‍സാണ് സ്‌മൃതിയുടെ അക്കൗണ്ടിലുള്ളത്. പുരുഷ ക്രിക്കറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ടി20 ചേസിങ്ങില്‍ കോലി 1789 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ 1375 റണ്‍സാണ് രോഹിത്തിന് നേടാനായത്.
മഴമൂലം 18 ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ 38 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. രണ്ട് വിക്കറ്റ് വീതം നേടിയ സ്‌നേഹ റാണ, രാഥ യാദവ് എന്നിവര്‍ക്ക് പുറമെ ഓരോ വിക്കറ്റ് വീതം നേടിയ ഷഫാലി, മേഘ്‌ന സിങ്, രേണുക താക്കൂര്‍ എന്നിവരാണ് പാകിസ്ഥാനെ മൂന്നക്കം തൊടാനാവാതെ ചുരുട്ടിക്കൂട്ടിയത്.