ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വനിത ക്രിക്കറ്റിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ടി20 ഫോര്‍മാറ്റില്‍ വൈകീട്ട് 3.30ന് എഡ്‌ജ്‌ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ ആഴ്‌ച തന്നെ യുകെയിലെത്തിയ ഇന്ത്യന്‍ സംഘം മികച്ച തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് ആശങ്കയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടിയെത്തുന്ന ഇന്ത്യ മികച്ച ഫോമിലാണ്.
മറുവശത്ത് നിലവിലെ ലോക ചാമ്പ്യന്മാരാണ് ഓസീസ്. പാകിസ്ഥാനെതിരായ പരമ്പര നേടിയെത്തുന്ന ഓസീസ് ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളിയാവും. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്. പാകിസ്ഥാൻ ബാര്‍ബഡോസ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഹർമൻപ്രീത് കൗർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിർമിങ്‌ഹാമിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻപ്രീത് നിലപാട് വ്യക്തമാക്കിയത്. അതേസമയം 24 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഗെയിംസിലേക്ക് തിരിച്ചെത്തുന്നത്.
എങ്ങനെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കോമൺവെൽത്ത് ഗെയിംസ് ടി20 മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണിലിവ് അപ്പിലും മത്സരം ലഭ്യമാണ്.
ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍ ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്‌റ്റന്‍), ഷഫാലി വർമ, എസ് മേഘന, താനിയ സപ്‌ന ഭാട്ടിയ, യാസ്‌തിക ഭാട്ടിയ, ദീപ്‌തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ വസ്‌ത്രാകർ, മേഘ്ന സിങ്, രേണുക താക്കൂർ, ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ.
also read: കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം: ദേശീയ പതാകയേന്തി പി.വി സിന്ധു