മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ ഒരു തലമുറമാറ്റം ആരംഭിച്ചുെവന്ന വിലയിരുത്തലിലാണ് ആരാധകര്‍. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ വിന്‍ഡീസിനെതിരായ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് പലരും ഇക്കാര്യം ചിന്തിച്ച് തുടങ്ങിയത്. വെറ്ററന്‍ ബാറ്റര്‍ക്ക് പകരമായി യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉള്‍പ്പടെ മുപ്പത്തിയഞ്ചുകാരനായ ചേതേശ്വര്‍ പുജാരയ്‌ക്ക് തിളങ്ങാന്‍ ആയിരുന്നില്ല. ഇതോടെയാണ് മധ്യനിരയില്‍ യുവതാരങ്ങളെ പരീക്ഷിക്കാന്‍ ബിസിസിഐ തയ്യാറായത്. എന്നാല്‍, വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കിയെങ്കിലും ചേതേശ്വര്‍ പുജാരയുടെ മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ല. ബിസിസിഐ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയ ചേതേശ്വര്‍ പുജാര ഇപ്രാവശ്യം ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിന് വേണ്ടിയാകും ഇന്ത്യന്‍ വെറ്ററന്‍ താരം പാഡ് കെട്ടുക. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുന്നത് ഈ ടൂര്‍ണമെന്‍റോടെയാണ്. സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. വെസ്റ്റ് സോണിന് വേണ്ടി തന്നെയാണ് സൂര്യയും കളത്തിലിറങ്ങുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ട് ഇന്നിങ്‌സുകളിലായി 41 റണ്‍സാണ് ചേതേശ്വര്‍ പുജാര നേടിയത്. 2021-23 വര്‍ഷങ്ങളില്‍ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്. ഈ പ്രകടനത്തിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പുജാരയ്‌ക്ക് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്.
ഈ സാഹചര്യത്തിലും പുജാരയുടെ ടെസ്റ്റ് കരിയര്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കുന്നത്. 2021ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷവും പുജാരയ്‌ക്ക് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തുപോകേണ്ടിയിരുന്നു. അതിന് ശേഷം കൗണ്ടി ക്രിക്കറ്റില്‍ ഉള്‍പ്പടെ മിന്നും പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരികെ എത്തിയത്.
സമാനരീതിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാല്‍ പുജാരയ്‌ക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ ഇനിയും തുറക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. 'ഇന്ത്യന്‍ ടീം സെലക്‌ടര്‍മാരും പരിശീലകരും യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെപ്പോലുള്ള യുവതാരങ്ങളെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ പുജാരയെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്തിയാല്‍ പുജാരയ്‌ക്ക് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്താം. ഇക്കാര്യം താരത്തേയും അറിയിച്ചിട്ടുണ്ട്' എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്.
ചേതേശ്വര്‍ പുജാര കഴിഞ്ഞ നാല് വര്‍ഷത്തില്‍ ആകെ രണ്ട് സെഞ്ച്വറികളാണ് നേടിയത്. പുജാരയുടെ അഭാവത്തില്‍ വിന്‍ഡീസ് പര്യടനത്തില്‍ ഗെയ്‌ക്‌വാദ്, ജെയ്‌സ്വാള്‍ എന്നിവരില്‍ ഒരാള്‍ ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്താണ് സാധ്യത.