ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier League 2024) സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ക്യാപ്റ്റന്‍സിയില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകരില്‍ ഒരാളായ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് ഫ്രാഞ്ചൈസി ചുമതല നല്‍കിയത്. (Mumbai Indians Captaincy) ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്.
ഇതിന് പിന്നാലെ തന്നെ രോഹിത്തിനെ ട്രേഡ് ചെയ്യാന്‍ ഒന്നിലേറെ ഫ്രാഞ്ചൈസികള്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. രോഹിത്തിനെ മാത്രമല്ല, മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്‌പ്രീത് ബുംറ എന്നിവര്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള ഫ്രാഞ്ചൈസികള്‍ രംഗത്ത് ഉണ്ടെന്നായിരുന്നു സംസാരം. ഇപ്പോഴിതാ അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ.
ട്രേഡിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരെയും സമീപിച്ചിട്ടില്ലെന്നാണ് കാശി വിശ്വനാഥന്‍ പറഞ്ഞിരിക്കുന്നത്. "മുംബൈ ഇന്ത്യന്‍സുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാര്‍ നിലവില്‍ ടീമിലില്ല. കളിക്കാരുടെ ട്രേഡിനായി ഞങ്ങള്‍ അവരെ സമീപിച്ചിട്ടില്ല. അത്തരത്തില്‍ ഒരു നീക്കം നടത്താന്‍ ഇനി ഞങ്ങള്‍ ഉദ്ദേശിക്കുന്നുമില്ല"- അദ്ദേഹം പറഞ്ഞ് നിര്‍ത്തി. (Chennai Super Kings CEO Kasi Viswanathan on Rohit Sharma trade Mumbai Indians). ഐപിഎല്‍ മിനി ലേലത്തിന് പിന്നാലെ ട്രേഡ് വിന്‍ഡോ വീണ്ടും തുറന്നതിന്‍റെ പശ്ചാത്തലത്തിലാണ് കാശി വിശ്വനാഥന്‍റെ പ്രതികരണം.
അതേസമയം തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി ഹാര്‍ദിക്കിനെ ചുമതല ഏല്‍പ്പിച്ചതില്‍ രോഹിത് ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ജസ്‌പ്രീത് ബുംറ (Jasprit Bumrah ), എന്നിവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വമ്പന്‍ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങി വരവിന് പിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ജസ്‌പ്രീത് ബുംറ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയിട്ടത്.
(Jasprit Bumrah on Rohit Sharma Captaincy). രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയുള്ള മുംബൈയുടെ പ്രഖ്യാപനം വന്നതോടെ 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയാണ് സൂര്യകുമാര്‍ യാദവ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചത്. താരങ്ങളുടെ പ്രതികരണത്തിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ലെങ്കിലും ടീമില്‍ സംഭവിച്ച അഴിച്ചുപണികളോടാണ് ഇതിനെ പലരും ബന്ധപ്പെടുത്തിയിരിക്കുന്നത്.