ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റര്‍ അർഷ്‌ദീപ് സിങ്ങിന് ഖലിസ്ഥാനുമായി ബന്ധമുണ്ടെന്ന തരത്തില്‍ വിക്കിപീഡിയ പേജ് തിരുത്തിയ സംഭവത്തില്‍ അധികൃതര്‍ക്ക് സമന്‍സ്. ഐ.ടി മന്ത്രാലയമാണ് ഇന്ത്യയിലെ വിക്കിപീഡിയ അധികൃതര്‍ക്ക് സമന്‍സ് നല്‍കിയത്.
താരത്തിന്‍റെ പേജില്‍ തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയിൽ പൊരുത്തക്കേടിന് കാരണമാകുമെന്ന് കേന്ദ്രത്തിന് അഭിപ്രായമുണ്ടെന്ന് മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. പേജിലെ മാറ്റങ്ങൾ താരത്തിനും കുടുംബത്തിനും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഇവര്‍ അറിയിച്ചു.
ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ക്യാച്ച് നഷ്‌ടപ്പെടുത്തിയതിന് പിന്നാലെയാണ് അര്‍ഷ്‌ദീപിന്‍റെ വിക്കീപീഡിയ പേജ് തെറ്റായ രീതിയില്‍ തിരുത്തിയത്. താരം "ഖലിസ്ഥാനി ദേശീയ ക്രിക്കറ്റ് ടീമിൽ" കളിക്കാൻ തെരഞ്ഞെടുക്കപ്പെട്ടുവെന്ന രീതിയിലായിരുന്നു തിരുത്തല്‍. സംഭവം ചര്‍ച്ചയായതോടെ ഇത് നീക്കം ചെയ്യപ്പെട്ടിരുന്നു.
ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനൊ എഡിറ്റ് ചെയ്യാനോ സാധിക്കുന്ന ഡാറ്റാബേസാണ് വിക്കിപീഡിയ. ഇതിനായി കർശനമായ ലോഗിങ് സംവിധാനം വിക്കിപീഡിയ പിന്തുടരുന്നുണ്ട്.
ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റ മത്സരത്തില്‍ പാക് ഇന്നിങ്‌സിലെ 18-ാം ഓവറിലാണ് അര്‍ഷ്‌ദീപ് ക്യാച്ച് പാഴാക്കിയത്. രവി ബിഷ്‌ണോയ് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആസിഫ് അലി കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു. എഡ്‌ജായ പന്ത് ഷോര്‍ഡ് തേര്‍ഡില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അര്‍ഷ്‌ദീപിന് അനായാസ ക്യാച്ചായിരുന്നു.
എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഈ സമയം രണ്ട് റണ്‍സ് മാത്രമായിരുന്നു ആസിഫിന്‍റെ വ്യക്തിഗത സ്‌കോര്‍. ജീവന്‍ ലഭിച്ച ആസിഫ് നിര്‍ണായകമായ 14 റണ്‍സ് കൂടി പാക് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ 3.5 ഓവറില്‍ 27 റണ്‍സ് മാത്രമാണ് അര്‍ഷ്‌ദീപ് സിങ് വിട്ടുനല്‍കിയത്. പാക് ഇന്നിങ്‌സിലെ അവസാന ഓവറില്‍ അഞ്ചാം പന്ത് വരെ പാക് വിജയം വൈകിപ്പിച്ചത് അര്‍ഷ്‌ദീപിന്‍റെ തകര്‍പ്പന്‍ യോര്‍ക്കറുകളാണ്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും കുറവ് ഇക്കോണമിയും അര്‍ഷ്‌ദീപിനാണ്.