ന്യൂഡൽഹി : പരിക്കിന്‍റെ പിടിയിലായ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ ശസ്‌ത്രക്രിയക്കായി ന്യൂസിലൻഡിലേക്ക് പറക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ മെഡിക്കൽ ടീമും നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) മാനേജർമാരും ചേർന്ന് ന്യൂസിലൻഡിലെ പ്രശസ്‌ത സർജൻ റോവൻ ഷൗട്ടനുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. നടുവിനേറ്റ പരിക്ക് മൂലം കഴിഞ്ഞ അഞ്ച് മാസക്കാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബുംറ.
ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ബുംറയെ സജ്ജനാക്കുക എന്നതാണ് ബിസിസിഐയുടെ മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്‍റെ പേസ് യൂണിറ്റിന്‍റെ കുന്തമുനയായ ബുംറയെ ഓക്‌ലൻഡിലേക്ക് ശസ്‌ത്രക്രിയക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്.
റോവൻ ഷൗട്ടൻ മുൻപ് ലോക പ്രശസ്‌ത ഓർത്തോപീഡിക് സർജൻ ഗ്രഹാം ഇംഗ്ലിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ ബൗളിങ് കോച്ചായ ഷെയ്ൻ ബോണ്ട് ഉൾപ്പെടെയുള്ള താരങ്ങളെ ഗ്രഹാം ഇംഗ്ലിസ് ചികിത്സിച്ചിട്ടുണ്ട്. അതിനാൽ ഷെയ്‌ൻ ബോണ്ടായിരിക്കാം റോവൻ ഷൗട്ടനെ ബുംറക്കായി നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസണിന്‍റെ ശസ്‌ത്രക്രിയയിലും ഷൗട്ടൻ ഇംഗ്ലിസിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ഓസീസ് താരങ്ങളായ ബെൻ ദ്വാർഷൂയിസ്, ജെയ്‌സൺ ബെഹ്‌റൻഡോർഫ് എന്നിവരുടെ ശസ്‌ത്രക്രിയയും റോവൻ ഷൗട്ടൻ നടത്തിയിട്ടുണ്ട്.
ശസ്‌ത്രക്രിയക്ക് വിധേയനായാൽ 20 മുതൽ 24 ആഴ്‌ച വരെ ബുംറയ്‌ക്ക് വിശ്രമം വേണ്ടിവരും. അതിനാൽ തന്നെ താരത്തിന് 2023 സീസണിലെ ഐപിഎൽ മത്സരങ്ങളും, ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇടം നേടിയാൽ നിർണായകമായ ആ മത്സരവും നഷ്‌ടമാകും. 2022 സെപ്റ്റംബർ 25 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 യിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
പിന്നാലെ പരിക്കിന്‍റെ പിടിയിലായതോടെ താരത്തിന് ഏഷ്യ കപ്പും, ടി20 ലോകകപ്പും ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകൾ നഷ്‌ടമായിരുന്നു. ജനുവരിയില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കായുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്ക് വിട്ടുമാറാത്തതിനെത്തുടർന്ന് ടീമിൽ നിന്ന് പിൻവലിക്കുകയായിരുന്നു.