സിഡ്നി: ടി20 ലോകകപ്പിനായി ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ശിഖര്‍ ധവാനെ പുറത്താക്കിയ ഹോഗ് ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി നായകന്‍ വിരാട് കോലിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ടീമിന്‍റെ മധ്യ നിരയില്‍ അറ്റാക്കിങ് പ്ലെയേഴ്‌സിനെ ആവശ്യമുള്ളതിനാലാണ് കോലിയെ ഓപ്പണറാക്കിയതെന്ന് ഹോഗ് വ്യക്തമാക്കി. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയും നാലാം നമ്പറില്‍ കെഎല്‍ രാഹുലിനെയുമാണ് താരം നിര്‍ദേശിച്ചിരിക്കുന്നത്. സൂര്യകുമാറിന്‍റെ ബാറ്റിങ് വൈവിധ്യം മധ്യനിരയ്ക്കു കൂടുതല്‍ മൂര്‍ച്ചയേകുമെന്നാണ് ഹോഗിന്‍റെ അഭിപ്രായം.
also read: തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോഡിനരികെ
അഞ്ചാമനായി റിഷഭ് പന്തിനെയാണ് പരിഗണിക്കുന്നതെന്നും നേരത്തെ തന്നെ വിക്കറ്റ് വീഴുകയാണെങ്കില്‍ പന്തിനെ മുന്‍ നിരയില്‍ കളിപ്പിക്കുമെന്നും ഹോഗ് പറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെ താരത്തിന് മികച്ച രീതിയില്‍ കളിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓള്‍റൗണ്ടര്‍മാരായി ഹോഗ് പരിഗണിച്ചത് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ്.
സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമാണ് സ്ഥാനം അര്‍ഹിക്കുന്നതെന്നും ലങ്കന്‍ പര്യനത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാവുമെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പുറമെ ശര്‍ദ്ദുല്‍ ഠാക്കൂറിനെയും മൂന്നു പേസര്‍മാരില്‍ ഒരാളാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.