സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച നായകൻമാരുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാകുന്ന രണ്ട് പേരാണ് ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും, ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്ങും. എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്നതിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ഇപ്പോൾ എക്കാലത്തെയും മികച്ച നായകൻ ആരെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ സ്‌പിന്നറായ ബ്രാഡ് ഹോഗ്.
ഇരുവരും മികച്ചതാണെങ്കിലും മികച്ച നായകൻ ആരെന്ന ചോദ്യത്തിന് താൻ ധോണിയെ തെരഞ്ഞെടുക്കും എന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റിലെ രാഷ്‌ട്രീയത്തെക്കൂടി നേരിടേണ്ടി വന്നതിനാൽ ധോണിക്ക് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അതിനാൽ ധോണി തന്നെ പോണ്ടിങ്ങിന് ഒരുപടി മുന്നിൽ നിൽക്കുമെന്നും ഹോഗ് പറഞ്ഞു.
റിക്കി പോണ്ടിങ്ങിനും ധോണിക്കും മികച്ച ടീമുകൾ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം രണ്ടുപേരും തങ്ങളുടെ കർമം അസാധാരണമായാണ് നിർവഹിച്ചത്. രണ്ടുപേർക്കും ഒട്ടനവധി റെക്കോഡുകൾ ലഭിച്ചു. പക്ഷേ പോണ്ടിങ്ങിനെക്കാൾ കൂടുതൽ രാഷ്‌ട്രീയം ധോണിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ കൈകാര്യം ചെയ്യേണ്ടതായുണ്ടായിരുന്നു. അതിനാൽ തന്നെ റിക്കി പോണ്ടിങ്ങിനെക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് ധോണിയുടെ സ്ഥാനം, ഹോഗ് പറഞ്ഞു.
അത് കൂടാതെ തന്നെ റിക്കി പോണ്ടിങിന്‍റെ ചുറ്റും ധാരാളം ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിരുന്നു. സ്വന്തം റോളുകൾ നിർവഹിക്കാനറിയാവുന്ന ഒരുപിടി പരിചയ സമ്പന്നരായ താരങ്ങൾ പോണ്ടിങ്ങിനൊപ്പമുണ്ടായിരുന്നു. അതിനാൽ കളിയുടെ ചില വശങ്ങൾ മാത്രമാണ് പോണ്ടിങ്ങിന് നിയന്ത്രിക്കേണ്ടി വന്നത്. കളിക്കാരുടെ നിലപാടുകളും, അച്ചടക്കവും, കളിയുടെ പ്ലാനുകളും എല്ലാം അവർക്ക് കൃത്യമായി അറിയാമായിരുന്നു.
എന്നാൽ ധോണിയുടെ കാര്യം അങ്ങനെയായിരുന്നില്ല. മികച്ചതിനെ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഇന്ത്യയിൽ ഉണ്ടായേക്കാവുന്ന അധിക രാഷ്‌ട്രീയം നേരിട്ടതിനാൽ ഒരുപക്ഷേ ധോണിയെ പോണ്ടിങ്ങിനെക്കാൾ മുന്നിൽ നിർത്തിയേക്കാം. ക്ഷമിക്കണം റിക്കീ.. ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.