മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നാളെ ഓസീസിനെ നേരിടാനിരിക്കുകയാണ്. മോശം ഫോമിലുള്ള ഓപ്പണര്‍ കെഎല്‍ രാഹുലിന് ഇന്ത്യ വീണ്ടും അവസരം നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
"ഈ സമയം മികച്ച ഫോമിലാണ് അവന്‍ (ശുഭ്‌മാന്‍ ഗില്‍). സ്കോർ ചെയ്‌താലും ഇല്ലെങ്കിലും, ഫോമിലും മെറിറ്റിലും, അവൻ ഒരു അവസരം അർഹിക്കുന്നു", ഐസിസി റിവ്യൂവിന്‍റെ ഏറ്റവും പുതിയ എപ്പിസോഡിൽ രവി ശാസ്ത്രി പറഞ്ഞു. തികഞ്ഞ ഫോമിലും അത്മവിശ്വാസത്തിലുമുള്ള ഒരു കളിക്കാരന് അവസരം ലഭിക്കാതിരിക്കുമ്പോള്‍, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മറ്റ് താരങ്ങള്‍ ചിന്തിച്ചേക്കുമെന്നും ശാസ്‌ത്രി വ്യക്തമാക്കി.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണറുടെ റോളിലെത്തിയ രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കളിച്ച മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരന് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുലിനെ നീക്കം ചെയ്‌തിരുന്നു.
മറുവശത്ത് രാഹുലിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളില്‍ റണ്ണടിച്ച് കൂട്ടിയ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിനെതിരെ തന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയും ഗില്‍ നേടിയിരുന്നു.
ഇതോടെ ഗില്‍ ഓസീസിനെതിരെ കളിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും മാനേജ്‌മെന്‍റ് രാഹുലിനെ പിന്തുണയ്‌ക്കുകയായിരുന്നു. ഓസീസിനെതിരായ ബാക്കി മത്സരങ്ങളില്‍ രാഹുലിനെ പുറത്തിരുത്തി ഗില്ലിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്തും നേരത്തെ രംഗത്തെത്തിയിരുന്നു.
കരിയറിൽ മികച്ച ഫോമിലുള്ള ഒരു താരത്തോട് കാത്തിരിക്കാൻ പറയാനാവില്ല. നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണം. മാനസികമായ പ്രയാസങ്ങളാണ് രാഹുൽ നേരിടുന്നതെന്നാണ് കരുതുന്നത്.
രാഹുൽ ചെയ്യേണ്ടത് ഒരു ഇടവേള എടുത്ത് മനസ് ക്രമീകരിക്കുക എന്നതാണ്. മികച്ച ഫോമിലേക്ക് താരം മടങ്ങിയെത്താതിരിക്കാനുള്ള കാരണങ്ങളില്ലെന്നുമായിരുന്നു ശ്രീകാന്ത് പറഞ്ഞത്.
ALSO READ: WATCH: കോലിയുടെ വിക്കറ്റ് വേണം; പക തീരാതെ ഹാരിസ് റൗഫ്, ചിരിച്ച് ബാബര്‍ - വീഡിയോ