നാഗ്‌പൂര്‍: ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും പേസര്‍ ജോഷ് ഹേസൽവുഡ് പുറത്ത്. ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരില്‍ ആരംഭിക്കുന്ന മത്സരത്തിനുണ്ടാവില്ലെന്ന് ജോഷ് ഹേസൽവുഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് 32കാരന് തിരിച്ചടിയായത്.
പരിക്കില്‍ നിന്നും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഹേസൽവുഡ് പറഞ്ഞു. രണ്ടാം ടെസ്റ്റിനിറങ്ങാനാവുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.
"ആദ്യ ടെസ്റ്റിനെക്കുറിച്ച് ഉറപ്പില്ല. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്, പക്ഷേ അത് പെട്ടെന്നാണ് കടന്നുപോകുന്നത്. രണ്ടാം ടെസ്റ്റിനിറങ്ങാനാവുമെന്നും കാര്യങ്ങള്‍ ശരിയായ രീതിയില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു", ഹേസൽവുഡ് പറഞ്ഞു.
ഹേസൽവുഡിന്‍റെ അഭാവത്തില്‍ സ്കോട്ട് ബോലാൻഡ് പ്ലേയിങ് ഇലവനിലെത്തിയേക്കും. അങ്ങനെ വന്നാല്‍ ഓസീസിനായി ആറ് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള ബോലാൻഡിന് തന്‍റെ ആദ്യ വിദേശ ടെസ്റ്റ് ലഭിക്കും. അതേസമയം വിരലിന് പരിക്കേറ്റ പേസര്‍ മിച്ചൽ സ്റ്റാർക്കും നാഗ്‌പൂരില്‍ കളിക്കുന്നില്ല.
നാല് മത്സര പരമ്പരയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലുള്ളത്. നാഗ്‌പൂര്‍ ടെസ്റ്റിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
ALSO READ: ഇന്ത്യ ദുര്‍ബലരാണ്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയ്‌ക്കെന്ന് ഗ്രെഗ് ചാപ്പൽ