ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്. മത്സരത്തിന് പിന്നാലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
ഒന്നാം ഇന്നിങ്സില്‍ മാർനസ് ലബുഷെയ്‌ന്‍റെ വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുടെ പന്ത് നോ-ബോള്‍ ആയതിന്‍റെ വിലയായാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടിവന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. മൂന്നാമനായി ക്രീസിലെത്തിയ ലബുഷെയ്‌ന്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രവീന്ദ്ര ജഡേജ താരത്തിന്‍റെ കുറ്റിയിളക്കിയിരുന്നു. എന്നാല്‍ പന്ത് നോ-ബോള്‍ ആയതോടെ ലബുഷെയ്‌ന് ജീവന്‍ ലഭിച്ചു.
തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ച ലബുഷെയ്‌ന്‍ ഉസ്‌മാന്‍ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. 91 പന്തുകളില്‍ 31 റണ്‍സ് നേടിയ ലബുഷെയ്‌നെ ജഡേജ തന്നെ മടക്കിയതെങ്കിലും തിരിച്ച് കയറും മുമ്പ് ഓസീസിന് ലീഡ് ഉറപ്പാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
"ഈ ടെസ്റ്റ് മത്സരത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഒരുപക്ഷേ, ആ നോ-ബോളിന്‍റെ വിലയായാണ് ഇന്ത്യയുടെ തോല്‍വി. മാർനസ് ലബുഷെയ്‌ന്‍ ഡക്കായി പുറത്താവേണ്ടതായിരുന്നു. എന്നാല്‍ നോ-ബോളില്‍ ജീവന്‍ ലഭിച്ചതോടെ 96 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അവന്‍ മടങ്ങിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 109 റണ്‍സായിരുന്നു. അതായിരുന്നു വഴിത്തിരിവ് എന്ന് കരുതുന്നു. ആ നോ-ബോൾ ഇന്ത്യയ്ക്ക് മത്സരം നഷ്‌ടമാക്കിയെന്നാണ് ഞാൻ കരുതുന്നത്". ഇന്‍ഡോറില്‍ നടന്ന മത്സരത്തിന് ശേഷം സുനില്‍ ഗവാസ്‌കർ പറഞ്ഞു.
അറം പറ്റിയ വാക്ക്: ജഡേജയുടെ നോ ബോളിന് വലിയ വില നല്‍കേണ്ടിവരുമെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും നേരത്തെ തന്നെ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്നതിന് ശേഷമായിരുന്നു ജഡേജ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യ വിജയിച്ച ആദ്യ രണ്ട് മത്സരങ്ങളിലും തിങ്ങിയ താരം നാല് ഇന്നിങ്‌സുകളിലായി 17 വിക്കറ്റുകള്‍ നേടിയിരുന്നു.
രണ്ട് മത്സരങ്ങളിലേയും താരമായും ജഡേജ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ മടങ്ങിവരവില്‍ നിരവധി ഫ്രണ്ട് ഫുട്ട് നോ ബോളുകളാണ് 34കാരന്‍ എറിയുന്നത്. ഇതിനെ ശക്തമായ രീതിയിലാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്.
'ഒരിക്കലും അംഗീകരിക്കപ്പെടാന്‍ കഴിയാത്ത ഒരു കാര്യമാണിത്. അവന് രണ്ട് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുണ്ടായിരിക്കാം. പക്ഷെ ഒരു സ്‌പിന്നര്‍ ഇത്തരത്തില്‍ നോ-ബോളുകള്‍ എറിഞ്ഞാല്‍ ഇന്ത്യന്‍ ടീം അതിന് വലിയ വില നല്‍കേണ്ടി വരും.
ഇന്ത്യയുടെ ബോളിങ് പരിശീലകന്‍ പരസ് മാംബ്രെ, ജഡേജയുമായി സംസാരിക്കണം. ലൈനിന് പിന്നില്‍ നിന്നും ബോള്‍ ചെയ്യാന്‍ അവനെ പ്രേരിപ്പിക്കണം' സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. അതേസമയം ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.
വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനമുറപ്പിക്കാനും ഓസീസിന് കഴിഞ്ഞു. മറ്റ് ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്ക് കളിക്കണമെങ്കില്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം നേടിയാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് സാധിക്കു. ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ്.