ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ ജയം തുടരുക എന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടാന്‍ ഡല്‍ഹിയിലിറങ്ങുക. നാഗ്‌പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിന് രോഹിതും സംഘവും തയ്യാറെടുക്കുമ്പോള്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്.
ഇതിനുള്ള സൂചനകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂര്‍ ടെസ്റ്റില്‍ ടീമില്‍ സ്ഥാനം നേടാന്‍ ശ്രേയസ് അയ്യറിന് സാധിച്ചിരുന്നില്ല.
എന്നാല്‍ പരിക്കില്‍ നിന്നും മുക്തനായ താരം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ടീം ക്യാമ്പില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ ടീമിലെ സ്ഥാനം സംബന്ധിച്ച് പ്രതികരണവുമായി ഇന്ത്യന്‍ പരിശീലകന്‍ രംഗത്തെത്തിയത്. പൂര്‍ണ ഫിറ്റാണെങ്കില്‍ ശ്രേയസ് അയ്യറെ ഉറപ്പായും കളിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ടീമിനൊപ്പം പരിശീലനത്തിന് ശ്രേയസ് അയ്യരും പങ്കെടുത്തിരുന്നു. ഒരു നീണ്ട സെഷനിലാണ് താരം പരിശീലനം നടത്തിയത്. അദ്ദേഹത്തെ കൃത്യമായി തന്നെ ഞങ്ങള്‍ വിലയിരുത്തുകയാണ്.
നാളെയും സമാനരീതിയിലുള്ള പരിശീലന സെഷന്‍ ശ്രേയസ് അയ്യറിനുണ്ടാകും. ഇവയ്‌ക്കൊടുവില്‍ താന്‍ അഞ്ച് ദിവസത്തെ മത്സരം പൂര്‍ണമായും കളിക്കാന്‍ ആരോഗ്യവനാണെങ്കില്‍ ഉറപ്പായും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തും. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമാകും ഇതില്‍ അന്തിമ തീരുമാനം പറയാന്‍ സാധിക്കുക', രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായി നടന്ന ഏകദിന-ടി20 പരമ്പരകളിലും താരം കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരവും താരത്തിന് നഷ്‌ടമായി.
സമ്മര്‍ദഘട്ടങ്ങളില്‍ ശ്രേയസ് അയ്യര്‍ പുറത്തെടുക്കുന്ന ബാറ്റിങ് മികവിനെയും ഇന്ത്യന്‍ പരിശീലകന്‍ പ്രശംസിച്ചു. സമ്മര്‍ദ സാഹചര്യങ്ങളില്‍ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ ടെസ്റ്റ് മത്സരം മുതല്‍ അത് ടീം മാനേജ്‌മെന്‍റ് വീക്ഷിക്കുന്നുണ്ട്.
സ്‌പിന്നിനെതിരെയുള്ള അയ്യരുടെ ബാറ്റിങ് പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഏഷ്യന്‍ സാഹചര്യങ്ങളില്‍ അനായാസം റണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അതും വ്യക്തമായതാണ്. ഇങ്ങനെയൊരു താരം പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായതിന് ശേഷം മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് ഉറപ്പായും അവസരം നല്‍കേണ്ടതുണ്ട്', ദ്രാവിഡ് പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്. അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ സൂര്യകുമാറിന് ടീമിലെ നഷ്‌ടപ്പെടാനാണ് സാധ്യത.
2021ല്‍ കാണ്‍പൂരിലെ അരങ്ങേറ്റ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി നേടിയത് മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ വിശ്വസ്‌തനായ മധ്യനിര ബാറ്ററായി ശ്രേയസ് അയ്യര്‍ മാറിയിരുന്നു. ഇന്ത്യക്കായി ഇതുവരെ ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ച ശ്രേയസ് അയ്യര്‍ 12 ഇന്നിങ്‌സില്‍ നിന്നും 56.07 ശരാശരിയില്‍ 624 റണ്‍സാണ് നേടിയിട്ടുള്ളത്.
Also Read: Ind vs Aus | വിജയം തുടരാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയ; രണ്ടാം ടെസ്റ്റ് നാളെ ഡല്‍ഹിയില്‍