ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ആവശ്യത്തിനായാണ് താരം നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി കമ്മിൻസ് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാർച്ച് ഒന്നിന് ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നേരത്തെ ധർമ്മശാലയായിരുന്നു മൂന്നാം ടെസ്റ്റിന്‍റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇൻഡോറിലേക്ക് മാറ്റുകയായിരുന്നു.
ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയില്‍ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ഔട്ട്‌ഫീൽഡിൽ വേണ്ടത്ര പുല്ലിന്‍റെ സാന്ദ്രതയില്ലെന്നാണ് കണ്ടെത്തിയിരുന്നത്. മഴയെത്തുടര്‍ന്ന് വലിയ നാശനഷ്‌ടമാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള ധര്‍മശാല സ്റ്റേഡിയത്തില്‍ ഉണ്ടായത്.
മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നെ ഇവിടത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് വേദിമാറ്റമുണ്ടായത്. കാലാവസ്ഥയടക്കം പ്രതികൂലമായിരുന്ന സാഹചര്യത്തില്‍ പുല്ലുവച്ച് പിടിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
തിളങ്ങാനാവാതെ ഓസീസ്: കമ്മിൻസിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയ ഓസീസിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വിയാണ് സംഘം ഏറ്റുവാങ്ങിയത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും തോല്‍വി വഴങ്ങിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കീഴടങ്ങിയത്.
ഈ വിജയങ്ങളോടെ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്‌തു. ഇതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ രണ്ടാം സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 66.67 പോയിന്‍റ് ശരാശരിയുമായി ഓസീസാണ് തലപ്പത്തുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് 64.06 പോയിന്‍റ് ശരാശരിയായി. മൂന്നാമതുള്ള ശ്രീലങ്കയ്ക്ക് 53.33 ഉം, നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 48.72ഉം ആണ് പോയിന്‍റ് ശരാശരി. ഓസീസിനെതിരെ ഒരു മത്സരം കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കാം.
മറുവശത്ത് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്താകുമെന്ന ഭീഷണിയിലാണ് ഓസ്ട്രേലിയ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. അന്ന് സ്വന്തം മണ്ണില്‍ (2-0) ത്തിനായിരുന്നു ഓസീസിന്‍റെ വിജയം. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാനും സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഇതോടെ ഇന്‍ഡോറിലും തുടര്‍ന്ന് മര്‍ച്ച് ഒമ്പതിന് അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റിലും മത്സരം പിടിച്ച് ഇന്ത്യയ്‌ക്ക് ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡായിരുന്നു ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബാക്കിയുള്ള മത്സരങ്ങള്‍ക്ക് പഴയ സ്‌ക്വാഡിനെ നിലനിര്‍ത്തിയതായി ബിസിസിഐ അറിയിച്ചിരുന്നു.
രഞ്‌ജി ട്രോഫിയില്‍ കളിക്കാന്‍ സ്‌ക്വാഡ് വിട്ട പേസര്‍ ജയദേവ് ഉനദ്‌ഘട്ട് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തി.