അഹമ്മദാബാദ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയുടെ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 571 റണ്‍സില്‍ അവസാനിച്ചു. നടുവേദനയെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ആബ്‌സന്‍റ് ഹര്‍ട്ടായതോടെയാണ് ഒമ്പത് വിക്കറ്റില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണത്. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സിന്‍റെ ലീഡാണ് ആതിഥേയര്‍ക്ക് നേടാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം അവസാനിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ മൂന്ന് റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയേക്കാള്‍ നിലവില്‍ 88 റണ്‍സിന് പിറകിലാണ് സന്ദര്‍ശകര്‍. നൈറ്റ് വാച്ച്‌മാന്‍ മാത്യു കുഹ്‌നെമാന്‍ (0*), ട്രാവിസ് ഹെഡ് (3*) എന്നിവരാണ് ക്രീസില്‍.
കോലിക്ക് സെഞ്ചുറി, അക്‌സറിന് അര്‍ധ സെഞ്ചുറി: അവസാന സെഷനില്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 600ന് താഴെ ഒതുങ്ങിയത്. ശുഭ്‌മാന്‍ ഗില്ലിന് പിറകെ സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോലിയുടെ പ്രടനമാണ് ഇന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 364 പന്തുകളില്‍ 184 റണ്‍സാണ് വിരാട് കോലി നേടിയത്. താരത്തിന്‍റെ കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
241 പന്തുകളിലാണ് കോലി നൂറ് തികച്ചത്. ഓസ്‌ട്രേലിയയുടെ സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടായിരുന്നു താരത്തിന്‍റെ സെഞ്ചുറി നേട്ടം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിക്കായുള്ള മൂന്നര വര്‍ഷത്തെ കാത്തിരിപ്പാണ് 34കാരനായ കോലി അഹമ്മദാബാദില്‍ അവസാനിപ്പിച്ചത്.
അടുത്തകാലത്തായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇതിന് മുന്നെ 2019 നവംബറിലായിരുന്നു കോലിയുടെ ടെസ്റ്റ് സെഞ്ചുറി പിറന്നത്. തുടര്‍ന്ന് കളിച്ച 41 ഇന്നിങ്‌സുകളില്‍ 79 റണ്‍സ് നേടിയതായിരുന്നു താരത്തിന്‍റെ ടോപ് സ്‌കോര്‍.
മൂന്നിന് 289 റണ്‍സെന്ന നിലയില്‍ ഇന്ന് കളി തുടങ്ങിയ ഇന്ത്യയ്‌ക്ക് ആദ്യ സെഷനില്‍ തന്നെ രവീന്ദ്ര ജഡേജയെ നഷ്‌ടമായിരുന്നു. ടോഡ് മര്‍ഫിയ്‌ക്കെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച ജഡേജ ഉസ്‌മാന്‍ ഖവാജയുടെ കയ്യിലൊതുങ്ങുകയായിരുന്നു. 84 പന്തില്‍ നിന്നും 28 റണ്‍സെടുത്താണ് ജഡേജ തിരിച്ച് കയറിയത്.
വിരാട് കോലിക്കൊപ്പം നാലാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ക്കാന്‍ ജഡേജയ്‌ക്ക് കഴിഞ്ഞു. പിന്നാലെയെത്തിയ ശ്രീകര്‍ ഭരത്തും ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാല്‍ 88 പന്തില്‍ 44 റണ്‍സെടുത്ത ഭരത്തിനെ നഥാന്‍ ലിയോണ്‍ പീറ്റര്‍ ഹാന്‍ഡ്‌കോംബിന്‍റെ കയ്യിലെത്തിച്ചു. തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേല്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്.
113 പന്തില്‍ 79 റണ്‍സെടുത്താണ് അക്‌സര്‍ മടങ്ങിയത്. ആറാം വിക്കറ്റില്‍ കോലിക്കൊപ്പം ചേര്‍ന്ന് 162 റണ്‍സാണ് അക്‌സര്‍ നേടിയത്. തുടര്‍ന്നെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ (7), ഉമേഷ് യാദവ്(0) എന്നിവര്‍ക്ക് പിന്നാലെ കോലിയും വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി പുറത്താവാതെ നിന്നു.
മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ 235 പന്തില്‍ 128 റണ്‍സ് നേടിയായിരുന്നു ഗില്‍ പുറത്തായത്. ഓസ്‌ട്രേലിയയ്‌ക്കായി നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ALSO READ: 6,6,4...! അഹമ്മദാബാദില്‍ ത്രസിപ്പിച്ച് ശ്രീകര്‍ ഭരത്- വീഡിയോ കാണാം