വെല്ലിങ്‌ടണ്‍ : ഐപിഎൽ 2023 സീസണിന് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സിനെ തേടിയെത്തുന്നത് വൻ തിരിച്ചടികൾ. ഓൾ റൗണ്ടർ കെയ്‌ൽ ജാമിസണ്‍ പരിക്കേറ്റ് ടൂർണമെന്‍റിൽ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ചെന്നൈക്കായി സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും പ്ലേ ഓഫ് മത്സരങ്ങൾ കളിക്കില്ല. അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വിശ്രമം ആവശ്യമായതിനാലാണ് താരം നേരത്തെ തന്നെ ടീം വിടുന്നത്.
മെയ് 28നാണ് ഐപിഎൽ ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ 1നാണ് അയർലൻഡിനെതിരായ ഇംഗ്ലണ്ടിന്‍റെ ഏക ടെസ്റ്റ് മത്സരം ലോർഡ്‌സിൽ ആരംഭിക്കുന്നത്. പിന്നാലെ ജൂണ്‍ 16 ന് ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയും ആരംഭിക്കും. അതിനാൽ തന്നെ മത്സരത്തിന് മുന്നോടിയായി തനിക്ക് കൂടുതൽ വിശ്രമം വേണമെന്നാണ് താരം വ്യക്‌തമാക്കിയിരിക്കുന്നത്.
അതേസമയം എംഎസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന ബെൻ സ്റ്റോക്‌സിന്‍റെ അഭാവം ചെന്നൈയെ വലിയ രീതിയിൽ തന്നെ ബാധിച്ചേക്കും. ഇക്കഴിഞ്ഞ ഐപിഎൽ മിനി താരലേലത്തിൽ 16.25 കോടി രൂപയ്‌ക്കാണ് സ്റ്റോക്‌സിനെ ചെന്നൈ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായിരുന്നു സ്റ്റോക്‌സ്.
ധോണിയുടെ അവസാനത്തെ ഐപിഎൽ എന്നതിനാൽ തന്നെ ദീർഘകാലം ടീമിനെ നയിക്കാൻ കഴിവുള്ള താരം എന്ന നിലയിലാണ് സ്റ്റോക്‌സിനെ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ധോണിക്ക് പകരം ഈ സീസണിൽ ചെന്നൈയെ സ്റ്റോക്‌സ് നയിച്ചേക്കും എന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്ലേഓഫ് പോലെ നിർണായക ഘട്ടത്തിൽ താരം പിൻവാങ്ങിയാൽ അത് ടീമിനെ വലിയ രീതിയിൽ തന്നെ ബാധിച്ചേക്കും.
പരിക്കേറ്റ് ജാമിസണും: അതേസമയം ന്യൂസിലാൻഡ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസണിന്‍റെ അഭാവവും ചെന്നൈക്ക് വലിയ തിരിച്ചടിയാണ് നൽകുക. കഴിഞ്ഞ വർഷം ജൂണിന് ശേഷം കെയ്‌ൽ ജാമിസണ്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. നടുവിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇടയ്‌ക്ക് ജാമിസണ്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ താരത്തിന് വീണ്ടും പരിക്ക് കണ്ടെത്തുകയായിരുന്നു. ജാമിസണോളം കരുത്തുറ്റ മറ്റൊരു ഓൾറൗണ്ടറെ കണ്ടെത്തുക എന്നതും ചെന്നൈക്ക് വലിയ വെല്ലുവിളിയാണ്. മിനി ലേലത്തിൽ ഒരു കോടി രൂപയ്‌ക്കാണ് ജാമിസണിനെ ചെന്നൈ സ്വന്തമാക്കിയത്.
അതേസമയം ഐപിഎല്ലിൽ പങ്കെടുക്കുന്ന മറ്റ് ഇംഗ്ലണ്ട് താരങ്ങൾക്ക് പ്ലേഓഫ് നഷ്‌ടമാകുമോ എന്ന കാര്യവും സംശയത്തിന്‍റെ മുനയിലാണ്. ജോ റൂട്ട്, മാർക്ക് വുഡ്, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ജോഫ്ര ആർച്ചർ, സാം കുറാൻ, ഹാരി ബ്രൂക്ക് തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്.
കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അടുത്തതിനാൽ ചില ഓസ്‌ട്രേലിയൻ താരങ്ങളും നേരത്തെ ഐപിഎല്ലിൽ നിന്ന് പിൻവാങ്ങും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്: എം എസ് ധോണി, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്‌സ്, ഡിവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായ്‌ഡു, മൊയീന്‍ അലി, അജിങ്ക്യ രഹാനെ, കെയ്‌ല്‍ ജാമിസണ്‍, ശിവം ദുബെ, സുഭ്രാന്‍ഷു സേനാപതി, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിങ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷ്‌ണ, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.