ലണ്ടന്‍: ആഷസ് പരമ്പരയ്‌ക്ക് മുന്‍പ് സ്വന്തം നാട്ടില്‍ അയര്‍ലന്‍ഡിനെ തറപറ്റിച്ച് ഇംഗ്ലണ്ട്. ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ത്രീ ലയണ്‍സ് ജയം പിടിച്ചത്.
അയര്‍ലന്‍ഡിനെതിരായ ഈ ജയത്തോടെ ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോഡ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ പേരിലായി. ബാറ്റിങ്ങും ബൗളിങ്ങും കീപ്പിങ്ങും ചെയ്യാതെ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യത്തെ ക്യാപ്‌റ്റനായാണ് ബെന്‍ സ്റ്റോക്‌സ് മാറിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്.
ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലായി സ്റ്റോക്‌സ് ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനും താരം ഇറങ്ങിയില്ല. ഒന്നാം ഇന്നിങ്‌സില്‍ നാലാം വിക്കറ്റ് വീണപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അതേസമയം, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 10 റണ്‍സിന്‍റെ ലീഡ് മാത്രമാണ് ഐറിഷ് പടയ്‌ക്ക് സ്വന്തമാക്കാനായത്. 97-3 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡിന് 255 റണ്‍സ് പിന്നിലായിരുന്നു അയര്‍ലന്‍ഡ്.
തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ട് ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങിയ അയര്‍ലന്‍ഡിനെ ആന്‍ഡി മാക്‌ബ്രിനും മാര്‍ക് അദൈറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. എട്ടാമനായി ക്രീസിലെത്തിയ മാക്ബ്രിന്‍ 86 റണ്‍സ് നേടി പുറത്താകാതെ നിന്നു. 76 പന്തില്‍ 88 റണ്‍സ് അടിച്ച മാര്‍ക്ക് അദൈര്‍ മാത്യൂ പോട്‌സിന് മുന്നിലാണ് വീണത്.
ഇവരുടെ കൂട്ടുകെട്ട് തകര്‍ന്നതിന് പിന്നാലെ ക്രീസിലെത്തിയവരില്‍ ആര്‍ക്കും അധികനേരം ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ 86.2 ഓവറില്‍ 362 റണ്‍സില്‍ അയര്‍ലന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചു. 11 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് പന്തില്‍ ജയത്തിലേക്കെത്തുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ സാക് ക്രാവ്‌ലി മൂന്ന് ബൗണ്ടറി പായിച്ചാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
ബ്രാഡ്‌മാന്‍റെ റെക്കോഡ് പഴങ്കഥയാക്കി ബെന്‍ ഡക്കറ്റ്: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനമാണ് ബെന്‍ ഡക്കറ്റ് കാഴ്‌ചവച്ചത്. ഇംഗ്ലീഷ് പടയുടെ ഓപ്പണറായി ക്രീസിലെത്തിയ താരം 178 പന്തില്‍ 182 റണ്‍സടിച്ചാണ് പുറത്തായത്. ഈ പ്രകടനത്തോടെ 93 വര്‍ഷം മുന്‍പ് ഡോണ്‍ ബ്രാഡ്‌മാന്‍ സ്ഥാപിച്ച ഒരു റെക്കോഡ് മറികടക്കാനും ഇംഗ്ലണ്ട് ഓപ്പണര്‍ക്കായി.
ലോര്‍ഡ്‌സിലെ മത്സരത്തില്‍ അതിവേഗം 150 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഡക്കറ്റ് സ്വന്തം പേരിലാക്കിയത്. 150 പന്തില്‍ നിന്നായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍ അത്രയും റണ്‍സടിച്ചത്. 1930ല്‍ ഈ റെക്കോഡ് സ്ഥാപിച്ച ഡോണ്‍ ബ്രാഡ്‌മാന്‍ 166 പന്ത് നേരിട്ടായിരുന്നു 150 റണ്‍സ് അടിച്ചെടുത്തത്.