മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളിലും സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളില്ലാത്തപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമെല്ലാം രഞ്‌ജി ട്രോഫി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ നിലവിലെ താരങ്ങളില്‍ പലരും തങ്ങളുടെ സംസ്ഥാനങ്ങള്‍ക്കായി കളത്തിലിറങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ ഈ വിഷയത്തെ ഏറെ ഗൗരവമായി എടുത്തിരിക്കുകയാണ് ബിസിസിഐ.
ഇതിന്‍റെ ഭാഗമായി ദേശീയ താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി. (BCCI to make Ranji Trophy participation mandatory). സംസ്ഥാന ടീമില്‍ സ്ലോട്ട് ഒഴിവുണ്ടെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങണമെന്ന് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബിസിസിഐ ഉദ്യോസ്ഥന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഇതിന് തയ്യാറാവാത്ത കളിക്കാരെ ഇനി മുതല്‍ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"അന്താരാഷ്‌ട്ര മത്സരങ്ങളില്ലെങ്കില്‍ കളിക്കാര്‍ തീര്‍ച്ചയായും രഞ്ജി ട്രോഫിയിൽ പങ്കെടുക്കേണ്ടിവരും. വ്യക്തമായ കാരണമില്ലാതെ ഏതെങ്കിലും കളിക്കാരന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുകയാണെങ്കില്‍ അയാളെ ഇനി മുതല്‍ ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കില്ല" - ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്നിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ തുടങ്ങിയ ചില കളിക്കാര്‍ രഞ്‌ജി ട്രോഫിയില്‍ കളിക്കാതെ പ്രമോഷനുകള്‍ ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെട്ടത് ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ തീരുമാനമെന്നാണ് വിവരം.
അതേസമയം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ ഇഷാന്‍ കിഷന്‍ നേരെ ദുബായില്‍ സഹോദരന്‍റെ ബെര്‍ത്ത് ഡേ പാര്‍ട്ടിയ്‌ക്ക് പോയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബിസിസിഐക്ക് രസിച്ചിട്ടില്ലെന്നും ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇഷാനെ തഴഞ്ഞ് വിക്കറ്റ് കീപ്പര്‍മാരായി സഞ്‌ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരെ സ്‌ക്വാഡില്‍ ചേര്‍ത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ തന്‍റെ അവധിദിനങ്ങള്‍ 25-കാരനായ ഇഷാന്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് സെലക്‌ടര്‍മാരോ അല്ലെങ്കില്‍ ബിസിസഐയോ അറിയേണ്ട കാര്യമില്ലെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം സ്‌ക്വാഡിലുണ്ടായിട്ടും പ്ലെയിങ് ഇലവനില്‍ നിരന്തരം അവസരം ലഭിക്കാത്തതില്‍ ഇഷാന്‍ കിഷന് അതൃപ്‌തി ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും നിലവില്‍ പ്രചരിക്കുന്നുണ്ട്.
ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്‌ക്ക് എതിരെ നടന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇഷാൻ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ഇതിനായുള്ള താരത്തിന്‍റെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതായും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ശുഭ്‌മാന്‍ ഗില്ലിന് കളിക്കാന്‍ കഴിയാതിരുന്നതോടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇഷാന്‍ കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗില്‍ തിരിച്ചെത്തിയതോടെ ഇഷാന് പുറത്തിരിക്കേണ്ടി വന്നു.
ALSO READ: കോലി ടി20 ലോകകപ്പ് പ്ലാനിലുണ്ടോ...സെലക്‌ടർമാർ കാര്യം പറഞ്ഞിട്ടുണ്ട്...ഇനിയെല്ലാം കോലിയുടെ ബാറ്റില്‍
ഓസീസിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടി20കളിലാണ് ഇഷാന് അവസരം ലഭിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ കഴിയാതിരുന്ന താരത്തിനെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ദുബായില്‍ നിന്നും തിരിച്ചെത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി സൗരാഷ്ട്രക്കെതിരെ കളിക്കാന്‍ താരം ഇറങ്ങിയിരുന്നില്ല.