ന്യൂഡല്‍ഹി: സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജി വച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി സെക്രട്ടറി ജയ് ഷാ. ''ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വസ്തുതാവിരുദ്ധമാണ്'' ജയ് ഷാ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വരാനിരിക്കുന്ന അവസരത്തിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിലാണ് തങ്ങള്‍ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്ന് സൗരവ് ഗാംഗുലിയുടെ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മുന്‍ നായന്‍ കൂടിയായ ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. പുതിയ അധ്യായത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഔദ്യോഗിക ടിറ്റർ അക്കൗണ്ടില്‍ ഗാംഗുലി കുറിച്ചിരുന്നു.
'പുതിയത് ചിലത് തുടങ്ങുകയാണ്, അത് വഴി നിരവധി പേരെ സഹായിക്കാനാകും. ഈ യാത്രയില്‍ ഇതുവരെ ഒപ്പം നിന്ന ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ എല്ലാവരുടേയും പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. ബിസിസിഐ അധ്യക്ഷൻ ട്വീറ്റ് ചെയ്‌തു.
2019 ഒക്ടോബറിലാണ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വർഷത്തെ കാലാവധിയിൽ ഇനിയും നാല് മാസങ്ങൾ ബാക്കി നില്‍ക്കെയാണ് നിലവിലെ അനിശ്ചിതം.