ന്യൂഡൽഹി : ഈ വര്‍ഷം സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളിലായി ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമുകളെ അയക്കാൻ ബിസിസിഐ തിരുമാനിച്ചിരുന്നു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിൽ കളിക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ യുവ താരങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് രണ്ടാം നിര ടീമിനെയായിരിക്കും ബിസിസിഐ ചൈനയിലേക്ക് അയക്കുക.
ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസൺ, റിതുരാജ് ഗെയ്‌ക്‌വാദ്, ഉമ്രാൻ മാലിക് തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെട്ട ടീമാവും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജൂൺ 30ന് മുമ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കളിക്കാരുടെ ലിസ്റ്റ് കൈമാറാനാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള വെറ്ററൻ താരം ശിഖർ ധവാനെ ഏഷ്യൻ ഗെയിംസിനായി ബിസിസിഐ പരിഗണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ധവാനില്ലെങ്കില്‍ ഇന്ത്യയുടെ യുവ നിരയെ സഞ്‌ജു സാംസണ്‍ നയിച്ചേക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തേയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനേയും നയിച്ചുള്ള സഞ്‌ജുവിന്‍റെ അനുഭവ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.
ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ ഒന്നാം നിര ടീം തന്നെയായിരിക്കും കളിക്കുക. നേരത്തെ 2010, 2014 വര്‍ഷങ്ങളിലെ ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. അതേസമയം ഇതാദ്യമായല്ല ബിസിസിഐ ഒരേ സമയം രണ്ട് ടീമുകളെ കളത്തിലിറക്കുന്നത്.
1998-ൽ ക്വാലാലംപൂരിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ ടീം കളിച്ചപ്പോള്‍ മറ്റൊരു ടീം സഹാറ കപ്പില്‍ പാകിസ്ഥാനെ നേരിടുകയായിരുന്നു. പിന്നീട് 2021-ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഒന്നാം നിര ടീം ലണ്ടനിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്ക് പോയപ്പോള്‍ ശിഖര്‍ധവാന്‍റെ നേതൃത്വത്തിലുള്ള രണ്ടാം നിര ടീമിനെ ബിസിസിഐ ശ്രീലങ്കന്‍ പര്യടനത്തിനായും അയച്ചിരുന്നു.
അതേസമയം 2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ചൈനീസ് നഗരമായ ഹാങ്ഷൗവാണ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് വേദിയാവുന്നത്. ഏകദേശം പതിനായിരത്തില്‍ ഏറെ അത്‌ലറ്റുകളാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ എത്തുന്നത്. 2018-ല്‍ ഇന്തോനേഷ്യയിലാണ് ഏഷ്യന്‍ ഗെയിംസിന്‍റെ അവസാന പതിപ്പ് നടന്നത്. അന്ന് 69 മെഡലുകള്‍ നേടിക്കൊണ്ട് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയ്‌ക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.