മുംബൈ: കാറപകടത്തില്‍പ്പെട്ട റിഷഭ് പന്തിന്‍റെ പരിക്കിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. 25കാരനായ പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഇത് സംബന്ധിച്ച് ബിസിസിഐ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
പന്തിന്‍റെ വലത് കാൽമുട്ടിലെ ലിഗമെന്‍റിനും പരിക്കേറ്റിട്ടുണ്ട്. കൂടാതെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. താരം അപകടനില തരണം ചെയ്‌തിട്ടുണ്ട്.
എംആര്‍ഐ സ്‌കാനിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. പന്തിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ബിസിസിഐ അറിയിച്ചു.
വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് റിഷഭ് പന്ത് അപകടത്തില്‍ പെട്ടത്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയെന്ന് പന്ത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്കുള്ള യാത്രയിലായിരുന്നു താരം. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനുദ്ദേശിച്ചുള്ള യാത്ര അപകടത്തില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം അടുത്തിടെ അവസാനിച്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് പന്ത് ഒടുവില്‍ കളിച്ചത്. അടുത്ത വര്‍ഷം ജനുവരി ആദ്യ വാരം നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. കാല്‍മുട്ടിലെ പരിക്കിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെട്ടിരുന്നു.
Also read: Watch: കുതിച്ചെത്തി തീ ഗോളമായി; റിഷഭ് പന്ത് അപകടത്തില്‍ പെട്ട നടുക്കുന്ന ദൃശ്യം കാണാം