മുംബൈ : എഡ് - ടെക് കമ്പനിയായ ബൈജൂസ് കരാർ അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി സ്‌പോണ്‍സർഷിപ്പിന് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഇന്ത്യൻ ടീമിന്‍റെ സ്‌പോണ്‍സർമാരായിരുന്ന ബൈജൂസ് കാലാവധി പൂർത്തിയാക്കി 35 മില്യണ്‍ ഡോളറിന്‍റെ കരാർ അവസാനിപ്പിച്ചതോടെയാണ് ബിസിസിഐ പുതിയ സ്‌പോണ്‍സർമാരെ ക്ഷണിച്ചിട്ടുള്ളത്.
വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കാരണം പുതിയ സ്പോണ്‍സര്‍ഷിപ്പിനായി കനത്ത മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അഞ്ച് ലക്ഷം രൂപ നല്‍കി ബ്രാൻഡുകള്‍ക്ക് ജഴ്‌സി സ്പോണ്‍സര്‍ഷിപ്പിനുള്ള ടെന്‍ഡറുകള്‍ വാങ്ങാം. എന്നാല്‍ അത് റീഫണ്ട് ചെയ്യില്ല. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 26 ആണ്. ഏഷ്യ കപ്പിന് മുന്നോടിയായി സ്‌പോണ്‍സർമാരെ കണ്ടെത്താനാകും ബിസിസിഐയുടെ ശ്രമം.
നിബന്ധനകൾ ഇവ : അതേസമയം മുൻപില്ലാത്ത വിധം കർശന നിബന്ധനകളോടെയാണ് ബിസിസിഐ ഇത്തവണ ജഴ്‌സി സ്‌പോണ്‍സർമാരെ തേടുന്നത്. മദ്യ കമ്പനികള്‍, ബെറ്റിങ് സ്ഥാപനങ്ങൾ, ക്രിപ്റ്റോ കറന്‍സി, പണം ഉപയോഗിച്ചുള്ള ഗെയിംസ് (ഫാന്‍റസി ഗെയിമുകള്‍ക്ക് ബാധകമല്ല), പുകയില കമ്പനികള്‍, പൊതുതാല്‍പര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങള്‍, അത്‌ലറ്റിക്, സ്പോര്‍ട്‌സ് വെയര്‍ ജഴ്‌സി നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് ജഴ്‌സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല.
കിറ്റ് സ്‌പോണ്‍സറായി അഡിഡാസ് : കഴിഞ്ഞ മാസം ലോകോത്തര ബ്രാൻഡ് ആയ അഡിഡാസിനെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരായി ബിസിസിഐ തെരഞ്ഞെടുത്തിരുന്നു. ഇതിനാലാണ് സ്പോര്‍ട്‌സ് ജഴ്‌സി നിര്‍മാതാക്കളെ ജഴ്‌സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഏകദിന, ടെസ്റ്റ്, ടി20 ഫോർമാറ്റുകളിലേക്കായി വ്യത്യസ്‌ത തരത്തിലുള്ള ജഴ്‌സികളാണ് അഡിഡാസ് ഇന്ത്യൻ ടീമിനായി ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.
നൈക്കിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ലോകോത്തര ബ്രാന്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സികള്‍ തയ്യാറാക്കുന്നത്. അഞ്ച് വർഷത്തേക്കാണ് ഔദ്യോഗിക കിറ്റ് നിര്‍മാതാക്കളായ അഡിഡാസുമായി ബിസിസിഐയുടെ കരാര്‍. കൃത്യമായ കണക്കുകൾ ഇല്ലെങ്കിലും 2028ല്‍ അവസാനിക്കുന്ന കരാര്‍ 350 കോടി മൂല്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിഎല്ലുമായി സ്‌പോണ്‍സര്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ഇടക്കാലത്തേക്ക് കില്ലറായിരുന്നു ഇന്ത്യയുടെ ജഴ്‌സികള്‍ ഒരുക്കിയിരുന്നത്.
ALSO READ : ഇത് 'പുതിയ മുഖം', ഇന്ത്യന്‍ ടീമിന്‍റെ പുത്തന്‍ ജഴ്‌സികള്‍ അവതരിപ്പിച്ച് അഡിഡാസ്
ഇന്ത്യൻ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വനിത ടീമും, പുരുഷ-വനിത ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലെ ടീമുകളും ഇനി മുതല്‍ അഡിഡാസിന്‍റെ കിറ്റാകും ഉപയോഗിക്കുക. ഐപിഎല്ലിന് പിന്നാലെ ടീമിന്‍റെ പുതിയ പരിശീലന കിറ്റും സ്‌പോണ്‍സര്‍മാരായ അഡിഡാസ് പുറത്തിറക്കിയിരുന്നു. പുതിയ പരിശീലന കിറ്റില്‍ താരങ്ങള്‍ പ്രാക്‌ടീസ് ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
വരാനിരിക്കുന്ന വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലാകും ഇന്ത്യൻ സംഘം മൂന്ന് ഫോര്‍മാറ്റിലെയും ജഴ്‌സികള്‍ ആദ്യമായി മുഴുവന്‍ പരമ്പരയില്‍ ഉപയോഗിക്കുക. ഇളം നീല നിറത്തിലുള്ള ജഴ്‌സി ഏകദിന മത്സരങ്ങള്‍ക്കും കോളറില്ലാത്ത കടും നീല ജഴ്‌സികള്‍ ടി20യിലുമായിരിക്കും ടീം അണിയുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വൈറ്റ് ജഴ്‌സിയിലും അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.