കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഉറപ്പില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.
‘മത്സരം നടക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കാം’ സൗരവ് ഗാംഗുലി പ്രതികരിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം അനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നതാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ (യുകെ സമയം ഏകദേശം എട്ടുമണിയോടെ) മാത്രമേ പരിശോധന ഫലം ലഭിക്കൂവെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ടെസ്റ്റിങ് ഏജന്‍സിയാണ് താരങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. നാളെ ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.
മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൂടെ കൊവിഡ് ബാധിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലായി. അതേസമയം ഇംഗ്ലണ്ട് ടീമില്‍ ഇതേവരെ കൊവിഡ് പ്രശ്‌നങ്ങളില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.