മിര്‍പൂര്‍: ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ബംഗ്ലാദേശിനോട് കണക്കുപറഞ്ഞ് കടം വീട്ടി ഇന്ത്യന്‍ വനിതകള്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ 108 റണ്‍സിന്‍റെ വിജയം പിടിച്ചാണ് ഇന്ത്യന്‍ വനിതകള്‍ തിരിച്ചടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 228 റണ്‍സിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 35.1 ഓവറില്‍ 120 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
ജമീമ റോഡ്രിഗസിന്‍റെ ഓള്‍ റൗണ്ടര്‍ മികവാണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ ജമീമ റോഡ്രിഗസ് (jemimah rodrigues) നാല് വിക്കറ്റുകളും വീഴ്‌ത്തി തിളങ്ങി. ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (Harmanpreet Kaur) അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ബംഗ്ലാദേശ് നിരയില്‍ ഫർഗാന ഹക്ക് (81 പന്തില്‍ 47), റിതു മോനി (46 പന്തില്‍ 27) എന്നിവര്‍ മാത്രമാണ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചത്. മുര്‍ഷിദ ഖാത്തൂണാണ് (19 പന്തില്‍ 12) രണ്ടക്കം കടന്ന മറ്റൊരു ബംഗ്ലാ താരം. തുടക്കം തന്നെ തിരിച്ചടി നേരിട്ട ബംഗ്ലാദേശ് 13.4 ഓവറില്‍ 38ന് മൂന്ന് എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഫർഗാനയും റിതുവും ചേര്‍ന്ന് പൊരുതിക്കളിച്ചതോടെയാണ് ആതിഥേയര്‍ നൂറ് കടന്നു.
എന്നാല്‍ 29-ാം ഓവറിന്‍റെ അവസാന പന്തില്‍ ഫർഗാനയെ വീഴ്‌ത്തി ദേവിക വൈദ്യ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത ഓവറില്‍ റിതു മോനിയെ ജമീമയും മടക്കി. തുടര്‍ന്നെത്തിയ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ ബംഗ്ലാ ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു. ഇന്ത്യയ്‌ക്കായി 3.1 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് ജമീമ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ സ്‌നേഹ് റാണ, ദീപ്‌തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 228 റണ്‍സ് എടുത്തത്. ജമീമ റോഡ്രിഗസ് 78 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 52 റണ്‍സാണ് കണ്ടെത്തിയത്. 58 പന്തുകളില്‍ 36 റണ്‍സ് എടുത്ത സ്‌മൃതി മന്ദാനയും തിളങ്ങി. പ്രിയ പൂനിയ (13 പന്തില്‍ 7), യാസ്‌തിക ഭാട്ടിയ (23 പന്തുകളില്‍ 15), ഹര്‍ലിന്‍ ഡിയോള്‍ (36 പന്തില്‍ 25), ദീപ്‌തി ശര്‍മ (0), സ്‌നേഹ് റാണ (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാന. അമന്‍ജോത് കൗര്‍ (3) പുറത്താവാതെ നിന്നു.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ബംഗ്ലാദേശിന് ഒപ്പമെത്തി. ജൂലൈ 22-നാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന ഏകദിനം. ആദ്യം നടന്ന ടി20 പരമ്പര ഇന്ത്യ നേടിയിരുന്നു.
ALSO READ: WI vs IND | സെഞ്ചുറിയടിച്ച് ടീമിന് സമ്മാനം നല്‍കട്ടെ, അതല്ലേ ഹീറോയിസം ; ഇഷാനോട് രോഹിത് ശര്‍മ