ധാക്ക: ധാക്ക പ്രീമിയര്‍ ലീഗിലെ ബംഗ്ലാദേശ് താരങ്ങളുടെ മോശം പെരുമാറ്റത്തിന് ഇരയായ മോനിറുസ്സമാന്‍ അമ്പയറിങ് നിര്‍ത്തി. ലീഗിനിടെ ദേശീയ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, മഹമ്മുദുള്ള എന്നിവര്‍ മോനിറുസ്സമാനോട് മോശമായി പെരുമാറിയിരുന്നു. ഐസിസിയുടെ എമേര്‍ജിങ് പാനലില്‍ ഉള്‍പ്പെട്ടയാളാണ് മോനിറുസ്സമാന്‍.
''കഴിഞ്ഞത് കഴിഞ്ഞു. അമ്പയറിങ് ഇനിയും തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കുറച്ച് ആത്മാഭിമാനമുണ്ട്, അതിനൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാച്ച് ഫീ മാത്രം വാങ്ങിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരനല്ലാത്തതിനാല്‍ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. അമ്പയര്‍മാര്‍ക്ക് തെറ്റ് പറ്റും. എന്നാല്‍ താരങ്ങള്‍ ഇതുപോലയല്ല പെരുമാറേണ്ടത്. പണത്തിന് വേണ്ടി മാത്രമല്ല ഞാനിത് ചെയ്യുന്നത് '' മോനിറുസ്സമാന്‍ പറഞ്ഞു.
also read:'ഇനി ഫ്രീ ഏജന്‍റ്'; മെസിയുമായുള്ള ബാഴ്സലോണയുടെ കരാര്‍ അവസാനിച്ചു
അതേസമയം മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അപക്വമായ പ്രവര്‍ത്തിയിലേര്‍പ്പെട്ടത്. ഷാക്കിബ് നടത്തിയ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിക്കാത്തതിനെ തുടര്‍ന്ന് സ്റ്റംപുകള്‍ തട്ടിത്തെറിപ്പിക്കുകയും പിഴുതെടുത്ത് പിച്ചിലേക്ക് എറിയുകയും ചെയ്തിരുന്നു. അമ്പയറോട് കയര്‍ത്ത് സംസാരിക്കുന്ന ഷാക്കിബിന്‍റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.