ജോര്‍ജ്‌ടൗണ്‍: ബംഗ്ലാദേശിന്‍റെ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ തമീം ഇക്‌ബാല്‍ അന്താരാഷ്‌ട്ര ടി20യില്‍ നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 'അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി കണക്കാക്കുക. എല്ലാവര്‍ക്കും നന്ദി', തമീം ഫേസ്‌ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ജനുവരിയില്‍ ടി20യില്‍ നിന്നും ഇടവേള എടുക്കുമെന്ന് താരം പറഞ്ഞിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും, 2023ലെ ലോകകപ്പിനും യോഗ്യത നേടുന്നതിനുമായാണ് തങ്ങള്‍ തയ്യാറെടുക്കുന്നത് എന്നുമായിരുന്നു 33കാരനായ തമീം പറഞ്ഞിരുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബംഗ്ലാദേശിനായി 78 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ നിന്ന് 24.08 ശരാശരിയില്‍ 1758 റണ്‍സാണ് തമീം നേടിയത്. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ച്വറി നേടിയ ഏക ബംഗ്ലാദേശ് ബാറ്ററായ തമീം, ഫോര്‍മാറ്റില്‍ രാജ്യത്തിന്‍റെ മൂന്നാമത്തെ റണ്‍വേട്ടക്കാരനാണ്.
2007ല്‍ കെനിയയ്‌ക്ക് എതിരെ ടി20 അരങ്ങേറ്റം നടത്തിയ താരം കഴിഞ്ഞ വര്‍ഷം സിംബാബ്‌വേക്ക് എതിരെയാണ് ഫോര്‍മാറ്റില്‍ അവസാന മത്സരം കളിച്ചത്.
also read: ഏഷ്യ കപ്പ് യുഎഇയിലേക്ക്?; സൂചന നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്