ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഡിസംബർ 14ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാക്കിബ് അൽ ഹസൻ നായകനായി ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ തമീം ഇഖ്‌ബാലിന് ടീമിൽ ഇടം നേടാനായില്ല. പരിക്ക് മൂലം ആദ്യ ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന ടസ്‌കിൻ അഹമ്മദും ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.
രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 14നും, രണ്ടാം ടെസ്റ്റ് ഡിസംബർ 22നുമാണ് നടക്കുക. അതേസമയം ഏകദിന പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയും വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. മറുവശത്ത് ഏകദിനത്തിലെ നാണക്കേടിന് ടെസ്റ്റിൽ പകരം വീട്ടാനാകും ഇന്ത്യയുടെ ശ്രമം. ടെസ്റ്റ് പരമ്പര തൂത്തുവാരിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനും ഇന്ത്യക്കാകും.
അതേസമയം പ്രധാന താരങ്ങളുടെ അഭാവം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും നൽകുക. കൈക്ക് പരിക്കേറ്റ് ഇന്ത്യയിലേക്ക് തിരിച്ച നായകൻ രോഹിത് ശർമ ടെസ്റ്റ് മത്സരത്തിനെത്തുമോയെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. രോഹിതിന് പുറമേ രവീന്ദ്ര ജഡേജയും, മുഹമ്മദ് ഷമിയും, ജസ്‌പ്രീത് ബുംറയുമൊന്നുമില്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്നത്.
ബംഗ്ലാദേശ് ടീം: മഹ്മൂദുൽ ഹസൻ ജോയ്, നജ്‌മുൽ ഹസൻ ഷാന്‍റോ, മൊമിനുൾ ഹഖ്, യാസിർ അലി ചൗധരി, മുഷ്‌ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റൻ), ലിറ്റൺ ദാസ്, നൂറുൽ ഹസൻ, മെഹിദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, ടസ്‌കിൻ അഹമ്മദ്, സെയ്‌ദ് ഖാലിദ് അഹമ്മദ്, എബദോട്ട് ഹുസൈൻ, ഷോറിഫുൾ ഇസ്ലാം, സാക്കിർ ഹസൻ, റെജൗർ റഹ്മാൻ രാജ, അനമുൽ ഹഖ് ബിജോയ്.