കറാച്ചി: ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര പാകിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്‌താണ് ബെന്‍ സ്റ്റോക്‌സും സംഘവും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ പാക് നായകന്‍ ബാബർ അസമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ താരം ഡാനിഷ് കനേരിയ.
ബാബര്‍ അസം ക്യാപ്റ്റന്‍സി പഠിക്കണമെന്നും താരത്തെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമാണ് കനേരിയ പറയുന്നത്. "ബാബർ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് ആളുകൾ അവസാനിപ്പിക്കണം. വിരാട് കോലിയേയും രോഹിത് ശർമയേയും പോലുള്ളവർ വളരെ വലിയ കളിക്കാരാണ്.
പാകിസ്ഥാന്‍റെ ടീമിൽ അവരോട് താരതമ്യപ്പെടുത്താൻ ആരുമില്ല. അവരുടെ സംസാരം എപ്പോഴും വലിയ വായിലാണ്. എന്നാല്‍ എന്തെങ്കിലും ചെയ്‌തു കാണിക്കാന്‍ പറഞ്ഞാല്‍ ഫലം വെറും വട്ടപ്പൂജ്യമാണ്", കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലത്തിൽ നിന്നും ക്യാപ്റ്റന്‍ ബെൻ സ്റ്റോക്‌സിൽ നിന്നും ബാബര്‍ അസം കുറച്ച് കാര്യങ്ങൾ പഠിക്കേണ്ടതായിരുന്നുവെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു. "ക്യാപ്റ്റനെന്ന നിലയിൽ ബാബർ അസം ബിഗ് സീറോയാണ്.
ടീമിനെ നയിക്കാനുള്ള കഴിവും അർഹതയും അവനില്ല, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിന്‍റെ കാര്യത്തിൽ. പരമ്പരയ്ക്കിടെ ബെൻ സ്റ്റോക്‌സിനെയും ബ്രണ്ടൻ മക്കല്ലത്തെയും നോക്കി ക്യാപ്റ്റൻസി പഠിക്കാൻ അവന് നല്ല അവസരമുണ്ടായിരുന്നു.
അല്ലെങ്കില്‍ ഈഗോ മാറ്റിവച്ച് എങ്ങനെ ക്യാപ്റ്റനാകാമെന്ന് സർഫറാസ് അഹമ്മദിനോട് ചോദിക്കാമായിരുന്നു", കനേരിയ കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതിരിക്കുന്നതാണ് നല്ലതെന്നും പാക് മുന്‍ സ്‌പിന്നര്‍ അഭിപ്രായപ്പെട്ടു.
Also read: pak vs eng: സ്വന്തം മണ്ണില്‍ നാണം കെട്ട് പാകിസ്ഥാന്‍; ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്