സിഡ്‌നി : വലം കയ്യന്‍ ബാറ്റര്‍മാരാല്‍ സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആവശ്യമെങ്കില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമെന്ന് ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍. ഇതേക്കുറിച്ച് ടീം മാനേജ്മെന്‍റ് തന്നോട് സംസാരിച്ചിട്ടുണ്ടെന്നും അക്‌സര്‍. ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് ശേഷമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന് ഇടംകൈയ്യൻ സ്‌പിന്നർ നവാസും ലെഗ് സ്‌പിന്നർ ഷദാബും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഇടം കയ്യനെ ബാറ്റിങ്ങിനയക്കേണ്ടത് പ്രധാനമായിരുന്നു. ഇതേ തുടര്‍ന്ന് തന്നോട് ബാറ്റിങ്ങിനിറങ്ങാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് അക്‌സര്‍ വ്യക്തമാക്കി.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് അക്‌സര്‍ എത്തിയത്. ഒരു റണ്‍സ് എടുത്ത താരം കളിയില്‍ റണ്‍ ഔട്ട് ആവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ടീമിന്‍റെ നീക്കം കാര്യമായി ഫലം കാണാതിരുന്നത്.
ഇന്ത്യക്ക് ആദ്യ ആറ് സ്ഥാനങ്ങളിലും ഉള്ളത് വലം കയ്യന്‍ ബാറ്റര്‍മാരാണ്. ആവശ്യമെങ്കില്‍ എനിക്ക് മധ്യ ഓവറുകളില്‍ ടീമിനായി ബാറ്റ് ചെയ്യേണ്ടി വരും. അതിന് ഞാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നാണ് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടിട്ടുള്ളത്.
ആ റോള്‍ ഇതിനകം തന്നെ ഞാന്‍ ചെയ്‌തുകഴിഞ്ഞു, പരിശീലന മത്സരങ്ങളില്‍ ഞാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ടെന്നും അക്‌സര്‍ പട്ടേല്‍ പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടക്കുന്ന മത്സരത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കുന്നില്ലെന്നും അക്സര്‍ പറഞ്ഞു. നിലവിലെ ടീമിന്‍റെ ഫോം പ്രോട്ടീസിനെതിരെ തുടരാനാകുമെന്നാണ് കരുതുന്നതെന്നും അക്സര്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ 30ന് പെര്‍ത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം.