സിഡ്‌നി : ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്ക് വനിതകളെ അനുവദിക്കില്ലെന്ന താലിബാന്‍റെ സമീപനത്തിൽ പ്രതിഷേധിച്ച് അഫ്‌ഗാൻ പുരുഷ ടീമുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് നവംബർ 27 മുതൽ ഹൊബാർട്ടിൽ ആരംഭിക്കാനിരിക്കെയായിരുന്നു മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ഓസീസ് അറിയിച്ചത്.
'ആഗോളതലത്തിൽ വനിതാ ക്രിക്കറ്റിന്‍റെ വളർച്ചയില്‍ പങ്കുവഹിക്കുക എന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള കായികയിനമാണ് ക്രിക്കറ്റ്. ക്രിക്കറ്റില്‍ എല്ലാ തലത്തിലും സ്‌ത്രീകളെ പിന്തുണയ്‌ക്കുന്നു. താലിബാന്‍ അഫ്‌ഗാനിസ്ഥാനിലെ വനിത ക്രിക്കറ്റിനെ പിന്തുണയ്‌ക്കില്ലെന്ന് മാധ്യമവാര്‍ത്തകളിൽ നിന്ന് മനസിലാക്കുന്നു. അതിനാൽ ഹൊബാർട്ടിൽ നടക്കേണ്ട ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ല', ക്രിക്കറ്റ് ഓസ്ട്രേലിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പുരുഷ ക്രിക്കറ്റിന്‍റെയും ഭാവി തുലാസിൽ
ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ ഐസിസി അനുമതി നല്‍കുന്നത്. അതിനാല്‍ താലിബാന്‍റെ തീരുമാനം പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് മത്സരങ്ങളെയും ബാധിക്കാനിടയുണ്ട്.
സ്ത്രീകളെ വിലക്കി താലിബാൻ
കഴിഞ്ഞ ദിവസം താലിബാന്‍റെ സാംസ്കാരിക കമ്മിഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വനിതകളെ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന് അറിയിച്ചത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും അഹ്മദുല്ല വാസിഖ് വ്യക്തമാക്കിയിരുന്നു.
ALSO READ: മുഖം കാണും, അതു കൊണ്ട് ക്രിക്കറ്റും വേണ്ട.. വനിതകളെ കായിക ഇനങ്ങളില്‍ നിന്ന് വിലക്കി താലിബാൻ
ഇത് മാധ്യമ യുഗമാണ്, ഫോട്ടോകളും വീഡിയോകളും ഉണ്ടാകും, തുടർന്ന് ആളുകൾ അത് കാണും. ക്രിക്കറ്റിൽ, മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാമും ഇസ്ലാമിക് എമിറേറ്റും അനുവദിക്കുന്നില്ല എന്നും അഹ്മദുല്ല വാസിഖ് പറഞ്ഞു.