ലാഹോർ: 24 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്താന്‍ സമ്മതം മൂളി ഓസ്ട്രേലിയ. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഓസ്ട്രേലിയ പര്യടനത്തിനെത്തുകയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ മൂന്ന് ടെസ്റ്റ് മത്സരങ്ങളും നാല് വൈറ്റ് ബോള്‍ മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കറാച്ചി (മാര്‍ച്ച് 3-7), റാവല്‍പിണ്ടി (മാര്‍ച്ച് 12-16), ലാഹോര്‍ ( മാര്‍ച്ച് 21-25) എന്നിവിടങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ലാഹോറില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പരിമിത ഓവര്‍ മത്സരങ്ങളും നടക്കും. 1998ലാണ് ഓസ്ട്രേലിയ പാകിസ്ഥാനില്‍ അവസാനമായി പര്യടനം നടത്തിയത്.
മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഓസ്‌ട്രേലിയ സന്നദ്ധതയറിയിച്ചത് സന്തോഷപ്പെടുത്തുന്നതാണെന്ന് പിസിബി അധ്യക്ഷന്‍ റമീസ് രാജ പ്രതികരിച്ചു. ടീമിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാൻ പിസിബിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലി പറഞ്ഞു.
also read: Kapil Dev on IPL: ഐപിഎല്ലിനല്ല, താരങ്ങൾ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് കപില്‍ ദേവ്
കഴിഞ്ഞ സെപ്റ്റംബറില്‍ പാകിസ്ഥാനിലെത്തിയതിന് പിന്നാലെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പര്യടനം റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും പാക് പര്യടനത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ടീമിന്‍റെ പിന്മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.