മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള (Asian Games) വനിത ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറിന്‍റെ (Harmanpreet Kaur) നേതൃത്വത്തില്‍ 15 അംഗ സ്ക്വാഡിനെയാണ് ബിസിസിഐ (BCCI) വെള്ളിയാഴ്‌ച (ജൂലൈ 14) പ്രഖ്യാപിച്ചത്. മലയാളി താരം മിന്നു മണിയും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ മുന്‍നിര താരങ്ങളെല്ലം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സെപ്‌റ്റംബര്‍ 19 മുതല്‍ 28 വരെയാണ് ഏഷ്യന്‍ ഗെയിംസില്‍ വനിത ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ചൈനയിലെ ഹാങ്‌ഝൗവാണ് ഇക്കുറി ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വമരുളുന്നത്.
ഹര്‍മന്‍പ്രീത് കൗര്‍ ക്യപ്‌റ്റനായ ടീമിന്‍റെ വൈസ് ക്യാപ്‌റ്റന്‍ ബാറ്റര്‍ സ്‌മൃതി മന്ദാനയാണ് (Smriti Mandana). ഷഫാലി വര്‍മ (Shafali Verma) ജെര്‍മിയ റോഡ്രിഗസ് (Jermiah Rodrigues) എന്നിവരിലാകും ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിച്ച ഘോഷിനെയും (Richa Ghosh) ഉമ ചേത്രിയേയുമാണ് (Uma Chetry) ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓള്‍ റൗണ്ടര്‍ ദീപ്‌തി ശര്‍മയും (Deepti Sharma) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളത്തിലിറങ്ങുന്നുണ്ട്. അടുത്തിടെ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെ മിന്നു മണിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ അനുഷ ബാറെഡ്ഡിയും (Anusha Bareddy) ടീമില്‍ സ്ഥാനം നിലനിര്‍ത്തി. യുവതാരം അമന്‍ജോത് കൗര്‍ (Amanjot Kaur) ആണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ള മറ്റൊരു താരം.
ദേവിക വൈദ്യ (Devika Vaidya), അഞ്ജലി ശര്‍വാണി (Anjali Sarvani), ടിറ്റാസ് സധു (Titas Sadhu), രാജേശ്വരി ഗെയ്‌ക്‌വാദ് (Rajeshwari Gaykwad) കനിക അഹുജ (Kanika Ahuja) എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. അതേസമയം, പൂജ വസ്‌ത്രകാര്‍ (Pooja Vastrakar), സ്‌നേഹ റാണ (Sneha Rana), ഹര്‍ലീന്‍ ഡിയോള്‍ (Harleen Deol) എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം കാഷ്വി ഗൗതം (Kashvee Gautham), സൈക ഇഷാഖ് (Saika Ishaque).
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കളാണ് ഇന്ത്യന്‍ ടീം. ഫൈനലില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയെ പരാജയപ്പെടുത്തി സ്വര്‍ണ മെഡല്‍ നേടിയത്.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് സ്‌ക്വാഡ്: സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്‌റ്റന്‍), ജെര്‍മിയ റോഡ്രിഗസ്, ദീപ്‌തി ശര്‍മ, റിച്ച ഘോഷ് ( വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി ശര്‍വാണി, ടിറ്റാസ് സധു, രാജേശ്വരി ഗെയ്‌ക്‌വാദ്, മിന്നുമണി, കനിക അഹുജ, അനുഷ ബാറെഡ്ഡി, ഉമ ചെത്രി (വിക്കറ്റ് കീപ്പര്‍).
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍ : പൂജ വസ്‌ത്രകാര്‍, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ റാണ, കാഷ്വി ഗൗതം, സൈക ഇഷാഖ്.