ദുബായ്: ഇന്ത്യന്‍ നിരയില്‍ ടി20 ഫോര്‍മാറ്റിലെ തന്‍റെ പ്രിയപ്പെട്ട കളിക്കാരനെ വെളിപ്പെടുത്തി പാക് ഇതിഹാസ താരം വസീം അക്രം. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുണ്ടെങ്കിലും തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണെന്ന് അക്രം പറഞ്ഞു. ഏഷ്യ കപ്പിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്‌സ് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അക്രത്തിന്‍റെ പ്രതികരണം.
ഏഷ്യ കപ്പില്‍ പാകിസ്ഥാനെ മുറിവേല്‍പ്പിക്കാന്‍ സൂര്യകുമാറിനാവുമെന്നും അക്രം പറഞ്ഞു. "തീർച്ചയായും, രോഹിത് ശർമ്മയും കെഎൽ രാഹുലും വിരാട് കോലിയും ഉണ്ട്, എന്നാൽ ടി20 ഫോര്‍മാറ്റില്‍ ഈ ദിവസങ്ങളിൽ എന്‍റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ സൂര്യകുമാർ യാദവാണ്. അവന്‍ അസാമാന്യ പ്രതിഭയാണ്". അക്രം പറഞ്ഞു.
ഐപിഎല്ലില്‍ നേരത്തെ സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‍റെ താരമായിരുന്നപ്പോള്‍ ബൗളിങ് പരിശീലകനായിരുന്നു അക്രം. അന്ന് സൂര്യകുമാറിന്‍റെ പല ഷോട്ടുകളും തന്നെ അമ്പരപ്പിച്ചതായും അക്രം കൂട്ടിച്ചേത്തു.
"കൊല്‍ക്കത്തയിലെത്തിയ ആദ്യ വര്‍ഷം തന്നെ അവന്‍റെ കളി അടുത്തുനിന്ന് കണ്ടിട്ടുണ്ട്. അന്ന് കുറച്ച് മത്സരങ്ങളില്‍ 7-8 നമ്പറിലൊക്കെയാണ് അവന്‍ ബാറ്റ് ചെയ്തിരുന്നത്. അന്ന് ഫൈന്‍ ലെഗ്ഗിലൂടെ അവന്‍ കളിച്ച ചില ഷോട്ടുകള്‍ അസാധാരണമായിരുന്നു. ആ ഷോട്ട് കളിക്കുക അത്ര എളുപ്പമുള്ളതല്ല". അക്രം പറഞ്ഞു.
സൂര്യകുമാര്‍ എല്ലാ ടീമുകള്‍ക്കും അപകടകാരിയാണെന്നും അക്രം കൂട്ടിച്ചേര്‍ത്തു. " ഇന്ത്യൻ ടീമിൽ ഇടം നേടിയത് മുതൽ, അവൻ കാഴ്‌ചയ്‌ക്ക് വിരുന്നൊരുക്കുകയാണ്. സ്പിന്നിനും ഫാസ്റ്റ് ബൗളിങ്ങിനുമെതിരെ വളരെ അപകടകാരിയായ കളിക്കാരനാണ് അവന്‍.
ഒരിക്കല്‍ സെറ്റായി കഴിഞ്ഞാല്‍ അവന്‍ 360 ഡിഗ്രി കളിക്കാരനാണ്. എന്‍റെ അഭിപ്രായത്തിൽ, അവൻ ഒരാളായിരിക്കും. പാകിസ്ഥാനെതിരെ മാത്രമല്ല, എല്ലാ ടീമുകൾക്കും അപകടകാരിയായ താരം." അക്രം പറഞ്ഞ് നിര്‍ത്തി.
ഇന്ത്യക്കായി ഇതേവരെ 23 ടി20 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറി അടക്കം 37.33 ശരാശരിയില്‍ 672 റണ്‍സടിച്ച് കൂട്ടാന്‍ സൂര്യകുമാറിന് കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 27ന് യുഎഇയിലാണ് എഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ദുബായിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക.
കോലിക്കെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യം: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ ഫോമിനെപ്പറ്റിയും അക്രം സംസാരിച്ചു. കോലിയുടെ ക്ലാസിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഒരു വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോലിക്കെതിരെ ഉയരുന്നത് അനാവശ്യ വിമർശനങ്ങളാണെന്നും അക്രം പറഞ്ഞു.
കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്നതിൽ തനിക്ക് സംശയമില്ല. 33 വയസ് മാത്രം പ്രായമുള്ള കോലി എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. അസാധരണ പ്രതിഭയായ താരത്തിന് എല്ലാ ഫോർമാറ്റുകളിലും 50-ലധികമാണ് ശരാശരി.
മികച്ച ഫിറ്റ്നസുള്ള കോലി ഇപ്പോഴും ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെ താരത്തിന് ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.
also read: അങ്ങനെയെങ്കില്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും; കോലിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി