ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ ബാറ്റിങ് ശൈലിയെ വിമർശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടന്നതായി മുന്‍താരം വസീം അക്രം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് അക്രത്തിന്‍റെ വെളിപ്പെടുത്തല്‍.
"ഓപ്പണർമാർ ഇതുപോലുള്ള നിർണായക മത്സരങ്ങളിൽ വലിയ വെല്ലുവിളിയും കടുത്ത ബുദ്ധിമുട്ടും നേരിടേണ്ടി വരുമെന്ന് ടൂർണമെന്‍റിന്‍റെ തുടക്കത്തിൽത്തന്നെ ഞാൻ പ്രവചിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ അതാണ് സംഭവിച്ചത്. ഹോങ്കോങ്ങിനെതിരായ മത്സരത്തിലും റിസ്‌വാൻ ഇതേ സമീപനമാണ് സ്വീകരിച്ചത്.
അന്നും ഞാൻ റിസ്‌വാനെ വിമർശിച്ചിരുന്നു. തീര്‍ത്തും ആരോഗ്യപരമായ വിമർശനമായിരുന്നു അത്. എന്നാല്‍ അതിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ എന്നെ ആക്രമിച്ചു. റിസ്‌വാനെ ഞാൻ പിന്തുണയ്ക്കുന്നില്ല എന്നായിരുന്നു പാക് ആരാധകരുടെ വിമർശനം.
ഉള്ള കാര്യം വെട്ടിത്തുറന്ന് പറയാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്. മനസില്‍ ഒരു കാര്യം വച്ച് മറ്റൊന്നുപറയാന്‍ ഞാന്‍ തയ്യാറല്ല. എന്നെ സംബന്ധിച്ച് കറുപ്പ് കറുപ്പും വെള്ള വെള്ളയുമാണ്" - വസീം അക്രം പറഞ്ഞു.
Also read: Asia Cup | ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് പട്ടാഭിഷേകം ; ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തു
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴുള്ള മുഹമ്മദ് റിസ്‌വാന്‍റെ മെല്ലപ്പോക്ക് സമീപനമാണ് വിമര്‍ശിക്കപ്പെട്ടത്. 55 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്ഥാന്‍റെ ടോപ് സ്‌കോററായിരുന്നു. എന്നാല്‍ 49 പന്തുകളിലാണ് റിസ്‌വാന്‍ ഇത്രയും റണ്‍സ് നേടിയത്. ഒരു ഘട്ടത്തിലും റൺനിരക്ക് ഉയർത്താനുള്ള ശ്രമം റിസ്‌വാന്‍ നടത്തിയില്ലെന്നാണ് വിമര്‍ശനം.
അതേസമയം മത്സരത്തില്‍ 23 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്‌ത ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു.
ശ്രീലങ്കയ്‌ക്കായി പ്രമോദ് മധുഷ് നാലും ക്യാപ്‌റ്റന്‍ വാനിന്ദു ഹസരങ്ക മൂന്നും വിക്കറ്റ് നേടി. അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ഭാനുക രജപക്‌സയാണ് ലങ്കയുടെ വിജയ ശില്‍പി. വിജയത്തോടെ തങ്ങളുടെ ആറാം ഏഷ്യ കപ്പ് കിരീടം നേടാനും ലങ്കയ്‌ക്ക് കഴിഞ്ഞു.