ദുബായ്: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി, പാക് നായകന്‍ ബാബര്‍ അസം എന്നിവരില്‍ ആരാണ് മികച്ച താരമെന്ന ചര്‍ച്ചകള്‍ ഏറെനാളായി നടക്കുന്നുണ്ട്. ആര്‍ക്കുമാര്‍ക്കും വിട്ടുകൊടുക്കാന്‍ ഇരുവരുടേയും ആരാധകര്‍ തയ്യാറാവാറില്ല. ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട കളിക്കാരനെ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ.
വിരാട് കോലിയാണ് തന്‍റെ പ്രിയപ്പെട്ട കളിക്കാരനെന്നാണ് ജയസൂര്യ പറയുന്നത്. ഏഷ്യ കപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ഒരു ചര്‍ച്ചയ്‌ക്കിടെ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ജയസൂര്യയുടെ പ്രതികരണം. തന്‍റെ മകന്‍റേയും പ്രിയപ്പെട്ട കളിക്കാരന്‍ കോലിയാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
മോശം ഫോമിനാല്‍ വലഞ്ഞിരുന്ന കോലി ഏഷ്യ കപ്പിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി താരം തിളങ്ങിയിരുന്നു. വെറും 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നിരുന്നു.
12 ഫോറുകളും ആറ് സിക്‌സുകളുമാണ് കോലിയുടെ ഇന്നിങ്‌സിന് തിളക്കമേകിയത്. മൂന്നക്കം തൊടാനുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് കോലി ഈ മത്സരത്തില്‍ ആവസാനിപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ചുറി കൂടിയായിരുന്നുവിത്.
ടൂര്‍ണമെന്‍റില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ 147.59 സ്ട്രൈക്ക് റേറ്റില്‍ 276 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്താതെ ഇന്ത്യ പുറത്തായെങ്കിലും നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോലി തലപ്പത്തുണ്ട്. അതേസമയം ഏഷ്യ കപ്പില്‍ കാര്യമായ പ്രകടനം നടത്താന്‍ ബാബറിന് കഴിഞ്ഞിട്ടില്ല.