ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തോ, ദിനേശ് കാര്‍ത്തികോയെന്ന ചര്‍ച്ചകള്‍ ഏറെയായി നടക്കുന്നുണ്ട്. ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കാര്‍ത്തികിന് അവസരം നല്‍കിയപ്പോള്‍ പന്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചു.
സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കാര്‍ത്തികിനെ ബെഞ്ചിലിരുത്തി പന്തിനാണ് മാനേജ്‌മെന്‍റ് അവസരം നല്‍കിയിരുന്നത്. എന്നാല്‍ കാര്യമായ പ്രകടനം നടത്താതെയാണ് പന്ത് തിരിച്ച് കയറിയത്. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.
ഒരു ഫിനിഷറുടെ റോളില്‍ കളിക്കാന്‍ കഴിയുമെന്നതിനാൽ പന്തിന് പകരം കാര്‍ത്തികിനെയാണ് താന്‍ തെരഞ്ഞെടുക്കുകയെന്നാണ് ഉത്തപ്പ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ നാലിലാണ് ടി20 ക്രിക്കറ്റില്‍ പന്തിന്‍റെ മികച്ച സ്ഥാനമെന്നും ഉത്തപ്പ പറഞ്ഞു.
"എന്‍റെ ചിന്തകൾ എല്ലായെപ്പോഴും ഒരുപോലെയാണ്. ഒരു ഫിനിഷറായതിനാൽ ഡികെ കളിക്കണമെന്നാണ് ഞാൻ കരുതുന്നത്. ആ റോള്‍ നിര്‍വഹിക്കാന്‍ ഡികെയെ വേണം. റിഷഭ് പന്ത് കളിക്കുന്ന അഞ്ചാം നമ്പറില്‍ ദീപക് ഹൂഡയെ നിയോഗിക്കാം.
കാരണം റിഷഭ് പന്ത് ആദ്യ നാലിൽ ബാറ്റ് ചെയ്തപ്പോഴാണ് ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതെന്ന കാര്യം പരിഗണിക്കണം. നിലവിലെ ടീമില്‍ ആദ്യ നാലിൽ പന്തിന് സ്ഥാനമില്ല. കളിപ്പിക്കണം എന്നുള്ളതുകൊണ്ട് എന്തിനാണ് നമ്മള്‍ അവനെ കളിപ്പിക്കുന്നത്'' ഉത്തപ്പ പറഞ്ഞു.
പന്തിന് അനുകൂലമായ സ്ഥാനം നല്‍കണം: അനുകൂലമായ പൊസിഷനിലാണ് പന്തിനെ കളിപ്പിക്കേണ്ടതെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. "കളിക്കുന്ന സാഹചര്യങ്ങളില്‍ അവന്‍ വളരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നില്ലേ?, അനുകൂലമായ ഒരു പൊസിഷനിലാണ് പന്തിനെ കളിപ്പിക്കേണ്ടത്. അല്ലാതെ പ്രതികൂലമായ പൊസിഷനിൽ അല്ല.
ഇനി അവൻ കളിക്കുകയാണെങ്കിൽ, ആദ്യ നാലിൽ ബാറ്റ് ചെയ്യണം. ഈ സമയം ആദ്യ നാലില്‍ പന്തിന് സ്ഥാനമില്ലെന്ന് ഉറപ്പാണ്. അതിനാല്‍ ദിനേശ് കാർത്തിക്കിന്‍റെ തെരഞ്ഞെടുപ്പാണ് എനിക്ക് നല്ലതായി തോന്നുന്നത്.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായപോലെ സംഭവിച്ചാല്‍ ആ സ്ഥാനം വഹിക്കാന്‍ മറ്റൊരു ഫിനിഷറുണ്ടാവും. അക്സർ പട്ടേലിനെ പോലെയുള്ള ഒരു താരത്തിന് ഏറ്റെടുക്കാൻ കഴിയാത്തത്ര ഭാരമാണത്" ഉത്തപ്പ പറഞ്ഞു.