ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ 'എ' ഗ്രൂപ്പിലെ പാകിസ്ഥാനെതിരായ അവസാന മത്സരം ഇരു ടീമുകള്‍ക്കും സമ്മര്‍ദം ഏറിയതായിരിക്കുമെന്ന് ഹോങ്കോങ് മധ്യനിര താരം ബാബര്‍ ഹയാത്. മത്സരം നോക്ക് ഔട്ട് റൗണ്ടിന് സമാനമാണെന്നും ബാബര്‍ ഹയാത് അഭിപ്രായപ്പെട്ടു. ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇന്ന് ( 2-09-2022) ഇറങ്ങുന്ന രണ്ട് ടീമുകള്‍ക്കും സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ജയം അനിവാര്യമാണ്.
പാകിസ്ഥാൻ ഒരു വലിയ ടീമാണ്. അവർക്ക് മികച്ച ബൗളിങ് നിരയാണുള്ളത്. ടൂർണമെന്റിലെ തന്നെ അപകടകാരികളായ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം നടത്തുന്നത് പാകിസ്ഥാനാണ്.
മത്സരത്തില്‍ സമ്മര്‍ദം ഒരു ടീമില്‍ മാത്രമായിരിക്കില്ല. രണ്ട് ടീമിനും സമ്മര്‍ദം ഉണ്ടാകും. ജയം സ്വന്തമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ബാബര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യകപ്പ് യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഹോങ്കോങ് ടൂര്‍ണമെന്‍റിന് യോഗ്യത നേടിയത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 40 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് 'എ' യില്‍ ഹോങ്കോങ് നിലവില്‍ അവസാന സ്ഥാനത്താണ്.
കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് എ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയ ടീം. ഗ്രൂപ്പ് ബി യില്‍ രണ്ട് വിജയം സ്വന്തമാക്കിയ അഫ്‌ഗാനിസ്ഥാനും, ഒടുവിലത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ശ്രീലങ്കയും അവസാന നാലില്‍ പ്രവേശിച്ചിട്ടുണ്ട്.