മുംബൈ : ഈ വര്‍ഷം സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം പാകിസ്ഥാനാണ് ലഭിച്ചത്. എന്നാല്‍ സുരക്ഷ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി തങ്ങളുടെ ടീമും എത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (pakistan cricket board) ചെയര്‍മാര്‍ നജാം സേത്തി ഭീഷണി മുഴക്കിയിരുന്നുവെങ്കിലും ബിസിസിഐ അയഞ്ഞിരുന്നില്ല.
ഇതോടെ ടൂര്‍ണമെന്‍റിനായി ഒരു ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തുന്ന രീതിയിലുള്ള ഈ മോഡലിന് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (Asian Cricket Council- ACC) അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിക്കുമെന്നുറപ്പാണ്. ജൂണ്‍ 13-ന് ഇതുസംബന്ധിച്ച എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
എന്താണ് പാകിസ്ഥാന്‍റെ ഹൈബ്രിഡ് മോഡല്‍ ? : ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തില്ലെന്ന് ഉറപ്പായതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവയ്‌ക്കുന്നത്.
- രണ്ട് പകുതികളിലായി ടൂര്‍ണമെന്‍റ് നടക്കുന്ന രീതിയിലാണ് പാകിസ്ഥാന്‍ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിലുള്ളത്.
- ആദ്യ പകുതിയില്‍ പാകിസ്ഥാന്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും.
- രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഒരു നിഷ്‌പക്ഷ വേദിയില്‍ നടക്കുക.
- ശ്രീലങ്കയാവും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുകയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വച്ചാവും ഇന്ത്യ - പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെ നേരിടുക.
- സൂപ്പര്‍ ഫോര്‍ റൗണ്ടിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ശ്രീലങ്ക തന്നെയാവും ആതിഥേയത്വം വഹിക്കുക.
- ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ഘട്ടം യുഎഇയില്‍ നടത്താനായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ചൂടിന്‍റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
- ഒരു നിഷ്പക്ഷ വേദിയാവും ഏഷ്യ കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുക. ഇന്ത്യക്ക് യോഗ്യത നേടാനായില്ലെങ്കിലും ഇനി പാകിസ്ഥാന്‍ യോഗ്യത നേടിയാലും ഇതില്‍ മാറ്റമുണ്ടാവില്ല.
ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ നടത്താമെന്ന ആശയം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തിയാണ് മുന്നോട്ടുവച്ചത്. ഈ ആശയത്തോട് ആദ്യഘട്ടത്തില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ആതിഥേയത്വം നഷ്‌ടപ്പെടുകയാണെങ്കില്‍ ഏഷ്യ കപ്പിനുണ്ടാവില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബ്രിഡ് മോഡലിന് അംഗീകാരം നല്‍കാന്‍ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചതെന്നാണ് വിവരം.