ദുബായ് : ഏഷ്യ കപ്പില്‍ പാകിസ്‌താനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം. പാകിസ്‌താന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും 28 റണ്‍സെടുത്ത ഇഫ്‌തിഖര്‍ അഹമ്മദിനും മാത്രമേ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ.
നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഭുവനേശ്വര്‍ കുമാര്‍ 4 വിക്കറ്റുകളെടുത്തു. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഹാര്‍ദിക് പാണ്ഡ്യ മൂന്ന് പേരെ തിരിച്ചയച്ചത്. അര്‍ഷ്‌ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്‌താന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 10 റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. 10 റണ്‍സിന് ഫഖര്‍ സമാന്‍ ആവേശ് ഖാന്‍റെ പന്തിലും പുറത്തായി.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. ആവേശ് ഖാനും ടീമില്‍ ഉള്‍പ്പെട്ടു. വിരാട് കോലിയുടെ 100ാം രാജ്യാന്തര ട്വന്‍റി ട്വന്‍റിയാണിത്.