ഇന്ത്യ, പാകിസ്ഥാന്‍...ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകള്‍. ചിരവൈരികള്‍ കൂടിയായ ഇന്ത്യ- പാക് (India vs Pakistan Rivalry) ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ഓരോ ക്രിക്കറ്റ് മത്സരത്തേയും വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ കാണികളുടെ ഒഴുക്കുമുണ്ടാകാറുണ്ട്.
ഓരോ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ വരുമ്പോഴും ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍ ആയിരിക്കും പലരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഉണ്ടായ ഫൈനലുകളില്‍ ആവേശകരമായ മത്സരങ്ങളും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലും ഇന്ത്യ- പാക് ആവേശ ഫൈനല്‍ പോരാട്ടങ്ങളുടെ ഉദാഹരണമാണ്.
![Asia Cup Final History Asia Cup Asia Cup 2023 Asia Cup 2023 Final Asia Cup Finalists Asia Cup India vs Pakistan Most Asia Cup Winner ഏഷ്യ കപ്പ് ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യ പാകിസ്ഥാന്‍ ഏഷ്യ കപ്പ് ഏഷ്യ കപ്പ് ഫൈനല്‍ ചരിത്രം ഏഷ്യ കപ്പ് ഫൈനല്‍ 2023](https://etvbharatimages.akamaized.net/etvbharat/prod-images/15-09-2023/19516579_in.png)
ദ്വിരാഷ്‌ട്ര പരമ്പരകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് പുറമെ ഇന്ത്യ -പാക് മത്സരങ്ങള്‍ക്കുള്ള പ്രധാന വേദിയാണ് ഏഷ്യ കപ്പ്. ഇവിടെയും ആവേശത്തോടെ തന്നെയാണ് ആരാധകര്‍ ഇന്ത്യ പാക് പോരാട്ടത്തെ സ്വീകരിക്കുന്നത്. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഏഷ്യ കപ്പ് 2023 എഡിഷനില്‍ രണ്ട് പ്രാവശ്യമായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ (Asia Cup 2023 India vs Pakistan) മത്സരം നടന്നത്. പ്രഥമിക റൗണ്ടില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മഴയെടുത്തിരുന്നു. എന്നാല്‍, സൂപ്പര്‍ ഫോറില്‍ റിസര്‍വ് ദിനത്തിലേക്കായിരുന്നു മത്സരത്തിന്‍റെ ആവേശം നീണ്ടത്.
![https://etvbharatimages.akamaized.net/etvbharat/prod-images/15-09-2023/19516579_fans.png](https://etvbharatimages.akamaized.net/etvbharat/prod-images/15-09-2023/19516579_indvpak.png)
കൊളംബോയില്‍ നടന്ന ഈ കളിയില്‍ പാകിസ്ഥാനെ 228 റണ്‍സിന് ഇന്ത്യ വീഴ്‌ത്തി. പിന്നാലെ, ശ്രീലങ്കയേയും പരാജയപ്പെടുത്തി ഏഷ്യ കപ്പില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീം ഇന്ത്യ ഫൈനലിന് യോഗ്യതയും ഉറപ്പിച്ചു. ഇതോടെ, ആരാധകര്‍ വീണ്ടുമൊരു ഇന്ത്യ -പാക് ഫൈനലിനുള്ള കാത്തിരിപ്പിലേക്കുമായി.
എന്നാല്‍, ഏഷ്യ കപ്പ് ചരിത്രം തന്നെ ഇക്കുറിയും ആവര്‍ത്തിച്ചു. സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ് പാകിസ്ഥാന്‍ പുറത്തേക്ക്. ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാനെ വീഴ്‌ത്തിയ ശ്രീലങ്ക ഇന്ത്യയെ നേരിടാന്‍ ഫൈനലിലേക്കും. ഇതോടെ, ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനലിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും തുടരേണ്ട സാഹചര്യവുമുണ്ടായി.
ഇന്ത്യ- പാക് ഫൈനല്‍ ഇല്ലാതെ ഏഷ്യ കപ്പ്: ഏഷ്യ കപ്പിന്‍റെ 16-ാം പതിപ്പാണ് നിലവില്‍ പുരോഗമിക്കുന്നത്. 1984ല്‍ ആയിരുന്നു ആദ്യ ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് നടന്നത്. അന്ന് ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ ഏഷ്യ കപ്പിലെ പ്രഥമ ചാമ്പ്യന്‍മാരായി. പിന്നീട് ആറ് പ്രാവശ്യമായിരുന്നു ടീം ഇന്ത്യ ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തിയത്. ഇതില്‍ നാല് പ്രാവശ്യവും ഫൈനലില്‍ ശ്രീലങ്ക തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളി. രണ്ട് തവണ ബംഗ്ലാദേശിനെയും കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ നേരിട്ടിട്ടുണ്ട്. ആകെ 10 ഫൈനലുകളാണ് ഏഷ്യ കപ്പ് ചരിത്രത്തില്‍ ടീം ഇന്ത്യ കളിച്ചിട്ടുള്ളത്.
![https://etvbharatimages.akamaized.net/etvbharat/prod-images/15-09-2023/19516579_fans.png](https://etvbharatimages.akamaized.net/etvbharat/prod-images/15-09-2023/19516579_fans.png)
മറുവശത്ത് 5 പ്രാവശ്യം ഏഷ്യ കപ്പ് ഫൈനലിലെത്തിയിട്ടുള്ള പാകിസ്ഥാന്‍ രണ്ട് തവണ മാത്രമാണ് കപ്പ് അടിച്ചത്. ഒരു പ്രാവശ്യം ശ്രീലങ്കയേയും മറ്റൊരു പ്രാവശ്യം ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ കിരീട നേട്ടം. ഫൈനലിലെ മൂന്ന് തോല്‍വിയും ശ്രീലങ്കയോടാണ് പാകിസ്ഥാന്‍ വഴങ്ങിയിട്ടുള്ളത്.
ഏഷ്യ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള രണ്ടാമത്തെ ടീമാണ് ശ്രീലങ്ക. 10 ഫൈനലുകള്‍ കളിച്ചിട്ടുള്ള ലങ്ക ആറ് കിരീടങ്ങള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.