ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ദീപക് ഹൂഡയെ ടീമിലുള്‍പ്പെടുത്തിയാല്‍ ഗുണം ചെയ്യുമെന്ന് മുന്‍ ക്രിക്കറ്റര്‍ വസീം ജാഫർ. ഹൂഡ എത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകുമെന്നും ജാഫര്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് വസീം ജാഫറിന്‍റെ പ്രതികരണം.
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഹൂഡയ്‌ക്ക് ഇതേവരെ അവസരം ലഭിച്ചിരുന്നില്ല. ജഡേജയ്‌ക്ക് പകരം സ്റ്റാന്‍ഡ് ബൈ താരമായിരുന്ന അക്‌സർ പട്ടേലിനെ ടീമിലെടുത്തിരുന്നു. ദീപക് ഹൂഡയുടെ ബാറ്റിങ് ഫ്ലക്‌സിബിളിറ്റിയും ബോള്‍ ചെയ്യാനുള്ള കഴിവും ടീമിന് മുതല്‍ക്കൂട്ടാവും എന്നും ജാഫര്‍ പറഞ്ഞു.
"ഞാൻ പ്രലോഭിപ്പിക്കപ്പെടും, അതിൽ സംശയമില്ല. കാരണം അത് ബാറ്റിങ്ങിനെ കൂടുതൽ ശക്തമാക്കുന്നു. പാകിസ്ഥാനെതിരെ ടി20യില്‍ ആക്രമണാത്മക സമീപനത്തോടെ ഇന്ത്യയ്‌ക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞങ്ങളുടെ ബാറ്റിങ് ഏഴാം നമ്പര്‍ വരെയാണ്. ഹൂഡ വരുന്നുവെങ്കില്‍ അതല്‍പ്പം കൂടെ നീണ്ടു നില്‍ക്കും. അവന് എവിടെയും ബാറ്റ് ചെയ്യാം. ബോളെറിയാനും സാധിക്കും", ജാഫർ പറഞ്ഞു.
എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അക്‌സര്‍ പട്ടേലിനാണ് സാധ്യതയെന്നും ജാഫര്‍ പറഞ്ഞു. പാക് നിരയില്‍ സ്‌പിന്നര്‍മാരായ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരുണ്ട്. ഇവര്‍ക്കെതിരെ ഒരു ഇടങ്കയ്യന്‍ താരമെന്ന നിലയിലാണ് അക്‌സറിനെ പരിഗണിക്കുകയെന്നും ജാഫര്‍ പറഞ്ഞു.
അതേസമയം ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ ഞായറാഴ്‌ചയാണ്(04.09.2022) ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ദുബായില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിലെ തോൽവിക്കുശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖമെത്തിയപ്പോള്‍ പാക് പടയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതിന് പകരം വീട്ടാനാവും ബാബര്‍ അസമിന്‍റെ സംഘത്തിന്‍റെ ലക്ഷ്യം. മറുവശത്ത് ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെ മുന്നേറ്റം തുടരാനാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. ഇതോടെ ഈ മത്സരത്തിന്‍റേയും ആവേശച്ചൂട് പതിന്മടങ്ങ് വര്‍ധിക്കും.