കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 356 റണ്‍സാണ് അടിച്ച് കൂട്ടിയത്. വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ അപരാജിത സെഞ്ചുറികളും രോഹിത് ശര്‍മയുടേയും ശുഭ്‌മാന്‍ ഗില്ലിന്‍റെയും അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത് (Asia Cup 2023 India vs Pakistan Score Updates).
94 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 122* റണ്‍സടിച്ച വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പുറത്താവാതെ 106 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 111 റണ്‍സാണ് രാഹുല്‍ നേടിയത്.
അടിത്തറയിട്ട് രോഹിത്തും ഗില്ലും: ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മിന്നും തുടക്കമായിരുന്നു ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ പാക് പേസര്‍ നസീം ഷായ്‌ക്കെതിരെ താളം കണ്ടെത്താന്‍ രോഹിത് ശര്‍മ പ്രയാസപ്പെട്ടപ്പോള്‍ ഉത്തരവാദിത്തമേറ്റെടുത്ത് കളിച്ചത് ഗില്ലായിരുന്നു.
ഗില്ലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞതാവട്ടെ പാകിസ്ഥാന്‍റെ പ്രീമിയം പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും. ഷഹീനെ തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വീതം തവണയാണ് ഗില്‍ അതിര്‍ത്തി കടത്തിയത്. 9-ാം ഓവറില്‍ ഇന്ത്യ 50 റണ്‍സ് കടന്നപ്പോള്‍ 41 റണ്‍സും വന്നത് ഗില്ലിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. 13-ാം ഓവറിന്‍റെ ആദ്യ മൂന്ന് പന്തുകളിലായി ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബാക്കിയുള്ള മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സും ഒരു ബൗണ്ടറിയും നേടി രോഹിത്തും ട്രാക്കിലായതോടെ പാക് ബോളര്‍മാര്‍ വിയര്‍ത്തു.
14-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടന്നതിന് പിന്നാലോ രോഹിത്തും അര്‍ധ സെഞ്ചുറിയിലെത്തി. ഒടുവില്‍ 17-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി ഷദാബ് ഖാനാണ് പാക് ടീമിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ലോവര്‍ കവറിലേക്ക് ചിപ്പ് ഷോട്ടിനുള്ള ശ്രമം പാളിയതോടെ ഫഹീം അഷ്‌റഫാണ് രോഹിത്തിനെ പിടികൂടിയത്.
49 പന്തുകളില്‍ ആറ് ഫോറുകളും നാല് സിക്‌സുകളും സഹിതം 56 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ഗില്ലും മടങ്ങി. ഷഹീന്‍റെ സ്ലോ ബോളില്‍ പിഴച്ച ഗില്ലിനെ സല്‍മാന്‍ അലി ആഗ കയ്യില്‍ ഒതുക്കുകയായിരുന്നു. 52 പന്തുകളില്‍ 10 ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ഗില്‍ നേടിയത്. ഈ സമയം 24.1 ഓവറില്‍ 147 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
കോലി - രാഹുല്‍ വിളയാട്ടം : തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച വിരാട് കോലിയും കെഎല്‍ രാഹുലും ഇന്ത്യയെ മുന്നോട്ട് നയിക്കവെ മഴ കളി തടസപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് റിസര്‍വ് ഡേയില്‍ മത്സരം പുനരാരംഭിച്ചപ്പോള്‍ ഇരുവരുടേയും വിളയാട്ടമാണ് കാണാന്‍ കഴിഞ്ഞത്. മത്സരം പുനരാരംഭിച്ച ഓവറില്‍ തന്നെ 150 കടന്ന ഇന്ത്യ 33-ാം ഓവറില്‍ 200 റണ്‍സും പിന്നിട്ടു. പിന്നാലെ രാഹുല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
40-ാം ഓവറില്‍ ഇന്ത്യ 250 കടക്കും മുമ്പ് അര്‍ധ സെഞ്ചുറിയില്‍ എത്തിയ വിരാട് കോലി കൂടുതല്‍ അപകടകാരിയായി. 45-ാം ഓവറില്‍ ഇന്ത്യ 300 റണ്‍സിലെത്തി. രണ്ട് ഓവറുകള്‍ക്കപ്പുറം രാഹുലും തൊട്ടടുത്ത ഓവറില്‍ കോലിയും സെഞ്ചുറി തികച്ചു. രാഹുല്‍ 100 പന്തുകളില്‍ നിന്നും കോലി 84 പന്തുകളിലുമാണ് മൂന്നക്കം തൊട്ടത്.
കോലിയുടെ 47-ാം ഏകദിന സെഞ്ചുറിയാണിത്. ഒടുവില്‍ ഫഹീം അഷ്‌റഫ് എറിഞ്ഞ അവസാന ഓവറിന്‍റെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിക്കൊണ്ടാണ് കോലി ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മൂന്നാം വിക്കറ്റില്‍ പുറത്താവാതെ 194 പന്തില്‍ 233 റണ്‍സാണ് കോലി-രാഹുല്‍ സഖ്യം നേടിയത്. ഏഷ്യ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.