കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരെ നേപ്പാള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു (Asia Cup 2023 India vs Nepal toss report). തീരുമാനത്തിന് പിന്നില്‍ പ്രത്യേക കാരണങ്ങളില്ലെന്ന് രോഹിത് ശര്‍മ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നാട്ടിലേക്ക് മടങ്ങിയ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തി.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബോളിങ് തിരഞ്ഞെടുത്തേനെയന്ന് നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡൽ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നേപ്പാളും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ആരിഫ് ഷെയ്‌ഖ് പുറത്തായപ്പോള്‍ ഭീം ഷാർക്കിയ്‌ക്കാണ് അവസരം ലഭിച്ചത്.
ഇന്ത്യ (പ്ലെയിംഗ് ഇലവൻ) (India Playing XI against Nepal) : രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ (പ്ലെയിംഗ് ഇലവൻ)( Nepal Playing XI against India): കുശാൽ ബുർടെൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), രോഹിത് പൗഡൽ(ക്യാപ്റ്റന്‍), ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിങ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.
ഇന്ത്യയും നേപ്പാളും തമ്മില്‍ ഇതാദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ നിലവില്‍ മാറി നില്‍ക്കുകയാണെങ്കിലും ഭീഷണി നിലനില്‍ക്കുന്നുണ്ട്.
അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ഇന്ത്യയും നേപ്പാളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ പാകിസ്ഥാനോട് വമ്പന്‍ തോല്‍വി വഴങ്ങിയാണെത്തുന്നത്. ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം മഴയത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവയ്‌ക്കുകയാണുണ്ടായത്.
ഇതോടെ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാന്‍ നാല് പോയിന്‍റുമായി സൂപ്പര്‍ ഫോറിലേക്ക് കടന്നു. ഇന്ന് നേപ്പാളിനെ കീഴടക്കിയാല്‍ ഇന്ത്യയ്‌ക്കും മുന്നേറ്റം ഉറപ്പിക്കാം. മറുവശത്ത് നേപ്പാളിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും. മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയാണെങ്കിലും നേട്ടം ഇന്ത്യയ്‌ക്ക് തന്നെയാണ്. രണ്ട് പോയിന്‍റുമായാണ് ടീം നേപ്പാളിനെ മറികടക്കുക.
മത്സരം കാണാന്‍ (Where to watch IND vs NEP match): ഏഷ്യ കപ്പ് 2023-ലെ ഇന്ത്യ- നേപ്പാള്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ഡിസ്‌നി+ഹോട്‌സ്റ്റാറില്‍ മത്സരം കാണാം.