കാന്‍ഡി: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ ഇന്ത്യ- നേപ്പാള്‍ (India vs Nepal) മത്സരത്തിലും മഴ കളിക്കുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നേപ്പാളിന്‍റെ ഇന്നിങ്‌സ് മഴ തടസപ്പെടുത്തിയിരിക്കുകയാണ്. നേപ്പാള്‍ 37.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത് (India vs Nepal Score Updates).
ദീപേന്ദ്ര സിങ് ഐറി (20 പന്തില്‍ 27), സോംപാൽ കാമി (20 പന്തില്‍ 27) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ അനായാസ ക്യാച്ച് നിലത്തിട്ട് അകമഴിഞ്ഞ് സഹായിച്ചതോടെ നേപ്പാളിന് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ കുശാൽ ഭുർട്ടെലിനും ആസിഫ് ഷെയ്ഖിനും കഴിഞ്ഞിരുന്നു. ആദ്യ അഞ്ച് ഓവറില്‍ ക്യാച്ച് നിലത്തിടാന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer), വിരാട് കോലി (Virat Kohil), വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവര്‍ മത്സരിച്ചതോടെ മൂന്ന് തവണയാണ് നേപ്പാള്‍ ഓപ്പണര്‍മാര്‍ക്ക് ജീവന്‍ ലഭിച്ചത്.
ഈ ഭാഗ്യത്തെ കൂട്ടുപിടിച്ച് ഒന്നാം വിക്കറ്റില്‍ 10.5 ഓവറില്‍ 65 റണ്‍സാണ് നേപ്പാള്‍ ഓപ്പണര്‍മാര്‍ നേടിയത്. കുശാൽ ഭുർട്ടെലിനെ പുറത്താക്കി ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 25 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുകളും സഹിതം 38 റണ്‍സ് നേടിയായിരുന്നു താരം മടങ്ങിയത്. പിന്നീടെത്തിയ ഭീം ഷാർക്കി (17 പന്തില്‍ 7), രോഹിത് പൗഡൽ (8 പന്തില്‍ 5), കുശാൽ മല്ല (5 പന്തില്‍ 2) എന്നിവരെ രവീന്ദ്ര ജഡേജ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ലെങ്കിലും ആസിഫ് ഷെയ്ഖ് ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നു.
എന്നാല്‍ അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ മുഹമ്മദ് സിറാജിന്‍റെ പന്തിൽ കോലിക്ക് ക്യാച്ച് നൽകി താരം മടങ്ങി. 97 പന്തില്‍ എട്ട് ബൗണ്ടറികളോടെ 58 റണ്‍സായിരുന്നു ആസിഫ് ഷെയ്ഖ് നേടിയത്. പിന്നാലെ ഗുൽസൻ ഝായേയും (35 പന്തിൽ 23) മുഹമ്മദ് സിറാജ് തിരിച്ചു. ഇതിന് ശേഷമാണ് ദീപേന്ദ്ര സിങ് ഐറിയും സോംപാൽ കാമിയും ക്രീസില്‍ ഒന്നിച്ചത്. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റുണ്ട്.
ഇന്ത്യ (പ്ലേയിങ് ഇലവൻ) (India Playing XI against Nepal) : രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ (പ്ലേയിങ് ഇലവൻ)( Nepal Playing XI against India): കുശാൽ ഭുർട്ടെൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), രോഹിത് പൗഡൽ(ക്യാപ്റ്റന്‍), ഭീം ഷാർക്കി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിങ് ഐറി, കുശാൽ മല്ല, സന്ദീപ് ലാമിച്ചാനെ, കരൺ കെസി, ലളിത് രാജ്ബൻഷി.